ഒരു മിനിറ്റ് 17 സെക്കന്‍ഡ്! നയപ്രഖ്യാപനം മുഴുവന്‍ വായിക്കാതെ ഗവര്‍ണര്‍
സംസ്ഥാന സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസം നിയമസഭയിലും തുറന്നുപ്രകടിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പതിനഞ്ചാം നിയമസഭയുടെ പത്താം സമ്മേളനത്തിന് തുടക്കം കുറിച്ച് നടത്തിയ നയപ്രഖ്യാപന പ്രസംഗം ഒറ്റമിനിറ്റില്‍ അവസാനിപ്പിച്ച് ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കി. നയപ്രഖ്യാപന പ്രസംഗം മുഴുവന്‍ വായിക്കാതെ ഒരു മിനിറ്റ് 17 സെക്കന്‍ഡില്‍ അവസാന പാരഗ്രാഫ് മാത്രം വായിച്ച് അവസാനിപ്പിക്കുകയായിരുന്നു.
നയപ്രഖ്യാപന പ്രസംഗത്തിനായി രാജ്ഭവനില്‍ നിന്ന് നിയമസഭയിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ എന്‍ ഷംസീറും ചേര്‍ന്നാണ് സ്വീകരിച്ചത്. തുടര്‍ന്ന് സഭയിലേക്ക് പ്രവേശിച്ച ഗവര്‍ണര്‍ അവസാന പാരഗ്രാഫ് മാത്രം വായിക്കുന്നുവെന്ന് അറിയിച്ച് നയപ്രഖ്യാപന പ്രസംഗം രണ്ടുമിനിറ്റില്‍ താഴെ സമയത്തില്‍ അവസാനിപ്പിക്കുകയായിരുന്നു.
അറുപത് പേജോളം ഉള്ള നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന ഖണ്ഡികയില്‍ 'നമ്മുടെ മഹത്തായ പൈതൃകം കെട്ടിടങ്ങളിലോ സ്മാരകങ്ങളിലോ അല്ലെന്നും ഇന്ത്യന്‍ ഭരണഘടനയുടെ വിലമതിക്കാനാകാത്ത പൈതൃകത്തോട് നാം കാണിക്കുന്ന ബഹുമാനത്തിലും പരിഗണനയിലുമാണ് നിലനില്‍ക്കുന്നതെന്നും' പറയുന്ന ഭാഗമാണ് ഗവര്‍ണര്‍ വായിച്ചത്.
ഗവര്‍ണര്‍ വായിച്ച ഭാഗം ...
'' നമ്മുടെ മഹത്തായ പൈതൃകം കെട്ടിടങ്ങളിലോ സ്മാരകങ്ങളിലോ അല്ലെന്നും മറിച്ച് ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം, സാമൂഹ്യനീതി, എന്നീ കാലാതീത മൂല്യങ്ങളോടും ഇന്ത്യന്‍ ഭരണഘടനയുടെ വിലമതിക്കാനാകാത്ത പൈതൃകത്തോട് നാം കാണിക്കുന്ന ബഹുമാനത്തിലും പരിഗണനയിലുമാണെന്നും നമുക്ക് ഓര്‍ക്കാം. ഇക്കാലമത്രയും നമ്മുടെ രാഷ്ട്രത്തെ സംഘടിതവും ശക്തവുമായി നിലനിര്‍ത്തിയത് സഹകരണ ഫെഡറലിസത്തിന്റെ അന്തഃസത്തയാണ്. ഈ അന്ദഃസത്തയ്ക്ക് ശോഷണം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. വൈവിദ്ധ്യവും വര്‍ണാഭവുമായ ഈ രാഷ്ട്രത്തിന്റെ ഭാഗമെന്ന നിലയില്‍ നാം ഒത്തൊരുമിച്ച് നമ്മുട പന്ഥാവിലുള്ള എല്ലാ വെല്ലുവിളികളേയും അതിജീവിച്ചുകൊണ്ട് സമഗ്രമായ വളര്‍ച്ചയുടെയും ഉത്തരവാദിത്തമുള്ള പ്രതിരോധശേഷിയുടെയും വര്‍ണകമ്പളം നെയ്‌തെടുക്കാം''.
ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ സ്പീക്കര്‍ അമ്പരപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. പിന്നാലെ സഭ ഇന്നത്തേക്കു പിരിഞ്ഞു. നിയമസഭയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു നടപടി അരങ്ങേറുന്നത്. നയപ്രഖ്യാപനത്തിന്റെ ആമുഖം പോലും വായിക്കാന്‍ തയാറാകാഞ്ഞ ഗവര്‍ണറുടെ നടപടിയെ സമൂഹം വിലയിരുത്തുമെന്ന് മന്ത്രിമാര്‍ അടക്കമുള്ളവര്‍ പ്രതികരിച്ചു. ജനാധിപത്യത്തെ അവഹേളിക്കുന്ന നടപടിയാണ് ഗവര്‍ണറുടേതെന്നും വിമര്‍ശനമുയരുന്നുണ്ട്.