ക്രമക്കേടുണ്ടായാല്‍ ചാന്‍സലർ കണ്ടില്ലെന്ന് നടിക്കണോയെന്ന് ഹൈക്കോടതി; വിശദീകരണം നല്‍കാന്‍ വിസിമാർക്ക് തിങ്കളാഴ്ച വരെ സമയം
വൈസ് ചാന്‍സലർ നിയമനത്തിൽ അപാകതയുണ്ടായാൽ ചാൻസലർക്ക് നടപടി എടുക്കാനാകില്ലെന്നാണോ വാദിക്കുന്നതെന്ന് വിസിമാരോട് ഹൈക്കോടതി. ഗവർണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ വിസിമാർ നല്‍കിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിർണായക ചോദ്യം. ക്രമക്കേട് ഉണ്ടായാൽ ചാൻസലർ കണ്ടില്ലയെന്ന് നടിക്കണോയെന്നും കോടതി ചോദിച്ചു. രാജി വെയ്ക്കണമെന്ന നോട്ടീസ് അസാധുവാണെന്ന് കോടതി ഉത്തരവിട്ടതാണെന്നും അതിന്റെ തുടർച്ചയായാണ് കാരണം കാണിക്കല്‍ നോട്ടീസെന്നുമാണ് വിസിമാരുടെ വാദം.
കേരള സർവകലാശാല മുൻ വി സി , കുഫോസ് വി സി എന്നിവർ നോട്ടീസിന്മേൽ മറുപടി നൽകിയിരുന്നു. ഇക്കാര്യം ഗവർണർ കോടതിയെ ധരിപ്പിച്ചു. നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ വി സിമാർക്ക് തിങ്കളാഴ്ച വരെ സമയം അനുവദിച്ചിട്ടുണ്ട്. രേഖാമൂലം മറുപടി നൽകാനുള്ള സമയം ഇന്ന് അഞ്ച് മണിക്ക് അവസാനിക്കുമെന്നും ഗവർണർ വ്യക്തമാക്കി.
കണ്ണൂര്‍ സര്‍വകലാശാല വി സി ഡോ.ഗോപിനാഥ് രവീന്ദ്രന്‍, മുന്‍ കേരള സര്‍വകലാശാല വി സി മഹാദേവന്‍ പിള്ള ഉള്‍പ്പെടെ ഏഴ് വി സിമാരാണ് ഹൈക്കോടതിയെ സമീപിച്ചത്. കാരണം കാണിക്കല്‍ നോട്ടീസ് നിയമ വിരുദ്ധമാണെന്നും അതിനാല്‍ റദ്ദാക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാതെയാണ് നോട്ടീസ് അയച്ചതെന്നാണ് വാദം. നേരത്തെ വി സിമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ അവസരം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മറുപടി നല്‍കാതെ വി സിമാര്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഗവര്‍ണറുടെ നോട്ടീസിന് മറുപടി നല്‍കുകയല്ലേ വേണ്ടതെന്ന് കഴിഞ്ഞദിവസം കോടതി വാക്കാല്‍ ചോദിച്ചിരുന്നു.
യുജിസി ചട്ടം പാലിക്കാതെയുള്ള നിയമനത്തിന്റെ പേരില്‍ സാങ്കേതിക സർവകലാശാല വൈസ് ചാന്‍സലറെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഒന്‍പത് വിസിമാരോട് 24 മണിക്കൂറിനുള്ളില്‍ രാജി വെയ്ക്കണമെന്ന് ഒരാഴ്ച മുന്‍പ് ഗവർണർ ആവശ്യപ്പെട്ടത്. ഇത് ചോദ്യം ചെയ്ത് വിസിമാർ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.