ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍.

കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഗവര്‍ണറുടെ അസാധാരണ നടപടി

കോറം തികയാതെ സെനറ്റ് യോഗം പിരിഞ്ഞ സംഭവത്തിൽ ഗവർണറുടെ നടപടി
Updated on
2 min read

കേരള സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഗവര്‍ണറുടെ കടുത്ത നടപടി. കോറം തികയാതെ സെനറ്റ് യോഗം പിരിഞ്ഞ സംഭവത്തില്‍ 15 അംഗങ്ങളെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിൻവലിച്ചു. കേരള സർവകലാശാല നിയമത്തിലെ 17ാം വകുപ്പ് പ്രകാരം നാമനിർദേശം ചെയ്യപ്പെട്ട സെനറ്റ് അംഗങ്ങളെയാണ് പിൻവലിച്ചത്. ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറുടെ അസാധാരണ നടപടിയാണ് ഇത്.

വിസിയെ നിയമിക്കുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള സര്‍വകലാശാലയുടെ പ്രതിനിധിയെ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സെനറ്റ് യോഗം കോറം തികയാതെ പിരിഞ്ഞിരുന്നു. ഈ യോഗത്തില്‍ പങ്കെടുക്കാതിരുന്നവരെയാണ് ഇപ്പോള്‍ തന്‌റെ അധികാരമുപയോഗിച്ച് കൊണ്ട് ഗവര്‍ണര്‍ പിന്‍വലിച്ചത്. സെനറ്റ് അംഗങ്ങളോട് വിശദീകരണം തേടാതെയാണ് ഗവര്‍ണറുടെ തീരുമാനം. ഇതുസംബന്ധിച്ച് അറിയിപ്പ് സര്‍വകലാശാല വൈസ് ചാൻസലർക്ക് രാജ്ഭവന്‍ കൈമാറി.

അംഗങ്ങളെ നീക്കിയ തീരുമാനം അടിയന്തരമായി പ്രാബല്യത്തിൽ വരുമെന്ന് രാജ്ഭവൻ, വിസിക്ക് കത്തയച്ചു

സർവകലാശാല നിയമത്തിലെ 17 ാം വകുപ്പ് പ്രകാരം നാമനിർദേശം ചെയ്യപ്പെട്ട നാല് വകുപ്പ് മേധാവികൾ, സർവകലാശാലാ പരിധിയിലുള്ള രണ്ട് ഹൈസ്കൂൾ ഹെഡ്മാസ്റ്റേഴ്സ്, രണ്ട് സ്കൂൾ അധ്യാപകർ, വിവിധ മേഖലകളിൽ നിന്നായി ചാൻസചർ നോമിനേറ്റ് ചെയ്ത ഏഴ് അംഗങ്ങൾ എന്നിവരെയാണ് പിൻവലിച്ചത്.

സെര്‍ച്ച് കമ്മിറ്റി പ്രിനിധിയെ ഉടന്‍ തീരുമാനിക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനം നിലനില്‍ക്കെയാണ് , അംഗങ്ങള്‍ കൂട്ടത്തോടെ വിട്ടുനിന്നതും യോഗം അസാധുവായതും.

സെനറ്റ് യോഗത്തിന്‌റെ കോറം പൂര്‍ത്തിയാകാന്‍ 21 പേരാണ് വേണ്ടിയിരുന്നത്. ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത രണ്ട് പേരടക്കം 13 പേര്‍ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത് . ഇതോടെ സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കാന്‍ സാധിച്ചില്ല. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത വിവിധ മേഖലകളില്‍ നിന്നുള്ള ഒന്‍പത് പേരില്‍ ഏഴ് പേരും യോഗത്തില്‍ നിന്ന് വിട്ടുനിന്നു. സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ ഉടന്‍ തീരുമാനിക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനം നിലനില്‍ക്കെയാണ് , അംഗങ്ങള്‍ കൂട്ടത്തോടെ വിട്ടുനിന്നതും യോഗം അസാധുവായതും. ഇത് ഗവര്‍ണറെ ചൊടിപ്പിച്ചിരുന്നു. വിട്ടുനിന്നവരുടെ പേരു വിവരങ്ങള്‍ ഗവര്‍ണര്‍ സര്‍വകലാശാലയോട് തേടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അപൂര്‍വ നടപടി.

ഡോ. മഹാദേവന്‍ പിള്ള, കേരളാ സർവകലാശാല വിസി
ഡോ. മഹാദേവന്‍ പിള്ള, കേരളാ സർവകലാശാല വിസി

ഈ മാസം 24 നാണ് വൈസ് ചാൻസലർ ഡോ. വിപി മഹാദേവൻ പിള്ളയുടെ കാലാവധി അവസാനിക്കുന്നത്. വിസിയുടെ കാലാവധി പൂർത്തിയാകുന്നതിന് മൂന്ന് മാസം മുൻപ് തന്നെ അടുത്ത വിസിയെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്നാണ് ചട്ടം. നിലവിലെ നിയമ പ്രകാരം സർവകലാശാലയുടെയും യുജിസിയുടെയും ഗവർണറുടെയും പ്രതിനിധികളടക്കം മൂന്ന് പേരാണ് സെർച്ച് കമ്മിറ്റിയിൽ വേണ്ടത്. സർവകലാശാല പ്രതിനിധിയെ നിർദേശിക്കാതായതോടെ ഗവർണർ രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചു.

നവംബർ നാലിന് സെനറ്റ് യോഗം വീണ്ടും ചേരാനിരിക്കയാണ്

സെർച്ച് കമ്മിറ്റിയിലേക്കുള്ള സർവകലാശാലാ പ്രതിനിധിയെ ഉടൻ ശുപാർശ ചെയ്യണമെന്ന് ഗവർണർ പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. സെനറ്റ് യോഗം ചേർന്ന് സെർച്ച് കമ്മിറ്റി രൂപീകരണത്തെ എതിർത്ത് പ്രമേയം പാസാക്കുകയാണ് സർവകലാശാല ചെയ്തത്. വിസി നിയമനത്തിൽ ഗവർണറുടെ അധികാരം കുറയ്ക്കുന്ന സർവകലാശാല നിയമഭേദഗതി നിയമസഭ പാസാക്കിയിരുന്നു. ഇത് നിയമമാകും വരെ വിസി നിയമനം നീട്ടുകയാണ് സർവകലാശാലയെന്ന് ആക്ഷേപം ഉയരുകയും ചെയ്തു. എന്നാൽ നിയമസഭ പാസാക്കിയ ബില്ലിന് അംഗീകാരം നൽകാതെ ഗവർണറും നിലപാട് കടുപ്പിച്ചു. ഈ വിവാദങ്ങളുടെ തുടർച്ചയാണ് ഗവർണറുടെ ഇപ്പോഴത്തെ നടപടി. അടുത്ത മാസം നാലിന് വീണ്ടും സെനറ്റ് യോഗം ചേരാനിരിക്കെയാണ് യോഗത്തിൽ നിന്ന് വിട്ടുനിന്നവരെ സെനറ്റിൽ നിന്ന് ഒഴിവാക്കിയുള്ള ഗവർണറുടെ കടുത്ത നീക്കം.

രാഷ്ട്രപതിയായിക്കെ രാംനാഥ് കോവിന്ദിന് ഡീലിറ്റ് നൽകണമെന്ന ആവശ്യം കേരള സർവകലാശാല തള്ളിയത് മുതൽ , സർവകലാശാലയും ഗവർണറും തമ്മിൽ തുറന്ന പോരിലാണ്.

logo
The Fourth
www.thefourthnews.in