ആരിഫ് മുഹമ്മദ് ഖാന്‍
ആരിഫ് മുഹമ്മദ് ഖാന്‍

'ബില്‍ നിയമമാകണമെങ്കില്‍ താന്‍ ഒപ്പിടണം' ; വിട്ടുവീഴ്ചയില്ലാതെ ഗവർണർ

കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ച്ചയുടെ വക്കിലാണെന്നും ഗവര്‍ണര്‍
Updated on
1 min read

ഭരണഘടനാ വിരുദ്ധമായ ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. സർവകലാശാല വൈസ് ചാന്‍സലർമാരുടെ നിയമനത്തില്‍ ഗവർണറുടെ അധികാരം വെട്ടിക്കുറച്ച ബില്‍ നിയമമാകണമെങ്കില്‍ താന്‍ തന്നെ ഒപ്പിടണമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ചൂണ്ടിക്കാട്ടി. ഭരണഘടനയ്ക്ക് അനുസൃതമായിട്ട് മാത്രമായിരിക്കും താന്‍ പ്രവര്‍ത്തിക്കുക. ഭരണഘടനയ്ക്കെതിരായി ഒരു പേപ്പറിലും ഒപ്പിടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ച്ചയുടെ വക്കിലാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

വൈസ് ചാന്‍സലർമാരുടെ നിയമനത്തില്‍ ചാന്‍സലറായ ഗവർണറുടെ അധികാരം കുറയ്ക്കുന്ന ബില്ലിന് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ബില്‍ ബുധനാഴ്ച്ച നിയമസഭയില്‍ അവതരിപ്പിക്കും. വി സി നിയമനസമിതിയുടെ ഘടന മാറ്റാനാണ് മന്ത്രിസഭാ തീരുമാനം. ഗവർണറുടെ പ്രതിനിധിയെ സർക്കാർ നോമിനേറ്റ് ചെയ്യും. സെർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ചാക്കും. സംസ്ഥാന സർക്കാരിന്റെ ഒരു പ്രതിനിധിയേയും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ പ്രതിനിധിയേയും സെർച്ച് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. വിഷയത്തില്‍ ഗവർണറുമായുള്ള ഏറ്റുമുട്ടല്‍ കടുത്തതോടെയായിരുന്നു സർക്കാരിന്‍റെ നീക്കം.

11 ഓർഡിനന്‍സുകളുടെ കാലാവധി പുതുക്കാനുള്ള തീരുമാനം ഗവർണർ എതിർത്തതോടെയാണ് ബില്ലുകള്‍ അവതരിപ്പിക്കാന്‍ സർക്കാർ നിയമസഭാ സമ്മേളനം വിളിച്ചത്. ലോകായുക്ത നിയമ ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. തുടർ ചർച്ചകള്‍ക്കായി ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്.

logo
The Fourth
www.thefourthnews.in