ശങ്കര്‍ മോഹന്റെ രാജി സ്വീകരിച്ചു; പുതിയ ഡയറക്ടര്‍ക്കായി സെര്‍ച്ച് കമ്മിറ്റി
കെ ആര്‍ നാരായണൻ ഫിലിം ഇന്‍സ്റ്റിട്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ രാജി സര്‍ക്കാര്‍ സ്വീകരിച്ചു. പുതിയ ഡയറക്ടറെ തിരഞ്ഞെടുക്കാനായി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു. വി കെ രാമചന്ദ്രന്‍ ,ഷാജി എന്‍ കരുണ്‍ , ടി വി ചന്ദ്രന്‍ എന്നിവരാണ് കമ്മിറ്റിയിലുള്ളത്. ഡയറക്ടർ സ്ഥാനം രാജിവെക്കുന്നതായി മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും ശങ്കർ മോഹൻ കത്ത് നൽകിയെന്നും സർക്കാർ കത്ത് വിശദമായി പരിശോധിച്ച് രാജി സ്വീകരിച്ചെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ ഉന്നയിച്ച പഠന സംബന്ധമായ മറ്റു വിഷയങ്ങള്‍ അഭിസംബോധന ചെയ്യപ്പെടുമെന്നും സമരം അവസാനിപ്പിച്ച് വിദ്യാര്‍ഥികള്‍ പഠന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
വിദ്യാർഥി സമരത്തെ തുടർന്ന് ശങ്കര്‍ മോഹനോട് സർക്കാർ രാജി ചോദിച്ചുവാങ്ങുകയായിരുന്നു. ഇനി സംരക്ഷിക്കാനാകില്ലെന്ന സന്ദേശം ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് കൈമാറിയതിനെത്തുടർന്ന് തിരക്കിട്ടു തിരുവനന്തപുരത്തെത്തിയ ശങ്കർ മോഹൻ ഇന്ന് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണന് രാജിക്കത്ത് കൈമാറി.
സംവരണ തത്വങ്ങള്‍ അട്ടിമറിച്ചു, വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ ജാതിവിവേചന നടപടിയെടുത്തു എന്നീ ആരോപണങ്ങളില്‍ ഊന്നിയാണ് ഡയറക്ടർക്കെതിരെ വിദ്യാര്‍ഥികള്‍ ഡിസംബര്‍ അഞ്ചിന് സമരം ആരംഭിച്ചത്. പിന്നലെ കലാ- സാമൂഹിക, രാഷ്ട്രീയ രംഗത്തുള്ള പലരും വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. ഈ സമരം 48 ദിവസം പിന്നിട്ടപ്പോഴാണ് ഡയറക്ടറുടെ രാജി. കാലാവധി തീര്‍ന്നതിനാലാണ് താന്‍ രാജിവച്ചതെന്നും വിവാദങ്ങളുമായി ബന്ധമില്ലെന്നുമാണ് ശങ്കര്‍ മോഹന്‍ വിശദീകരിച്ചത്.
മൂന്ന് വര്‍ഷത്തെ കോഴ്‌സ് രണ്ട് വര്‍ഷമായി വെട്ടിച്ചുരുക്കുക, സ്‌കോളര്‍ഷിപ്പുകള്‍ നല്‍കാതിരിക്കുക എന്നിങ്ങനെ ഗുരുതര ആരോപണങ്ങളാണ് ശങ്കര്‍ മോഹനും ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനുമെതിരെ ഉയര്‍ന്നിരുന്നത്. എന്നാല്‍ തുടക്കം മുതല്‍ തന്നെ ശങ്കര്‍ മോഹനെ പിന്തുണച്ചുകൊണ്ടുള്ള സമീപനമായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റേത്. വിദ്യാര്‍ഥികള്‍ കള്ളം പറയുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.