പിഎഫ്ഐ ഹർത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച കേസ്; നഷ്ടപരിഹാരം ഈടാക്കുന്നതില്‍ കാലതാമസം വരുത്തിയതിന് മാപ്പ് ചോദിച്ച് സർക്കാർ

പിഎഫ്ഐ ഹർത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച കേസ്; നഷ്ടപരിഹാരം ഈടാക്കുന്നതില്‍ കാലതാമസം വരുത്തിയതിന് മാപ്പ് ചോദിച്ച് സർക്കാർ

അഡീ. ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകി
Updated on
1 min read

പോപുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിനെ തുടർന്നുണ്ടായ അക്രമ സംഭവങ്ങളിൽ നഷ്‌ട പരിഹാരം ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി ഹൈക്കോടതിയിൽ വിശദീകരണം നൽകി. നഷ്ടപരിഹാരം ഈടാക്കുന്നതിൽ കാലതാമസം വരുത്തിയതിന് സർക്കാർ നിരുപാധികം കോടതിയിൽ മാപ്പ് ചോദിച്ചു. റവന്യു റിക്കവറി നടപടികൾ എന്നു പൂർത്തിയാക്കുമെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലവുമായി ഹാജരാകാൻ കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. തുടർന്ന് ജനുവരി 15നകം നടപടികൾ പൂർത്തിയാക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ഹർജി ജനുവരി 17ന് വീണ്ടും പരിഗണിക്കും.

നഷ്ടപരിഹാരം ഈടാക്കാനുളള നടപടികളെടുക്കാത്ത സർക്കാർ നിലപാടിൽ ഹൈക്കോടതി നേരത്തെ അതൃപ്തി രേഖപെടുത്തിയിരുന്നു

നഷ്ടപരിഹാരം ഈടാക്കാനുളള നടപടികളെടുക്കാത്ത സർക്കാർ നിലപാടിൽ ഹൈക്കോടതി നേരത്തെ അതൃപ്തി രേഖപെടുത്തിയിരുന്നു. ഹർത്താൽ പ്രഖ്യാപിച്ചവരിൽ നിന്ന് 5.20 കോടി രൂപ ഈടാക്കാൻ റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്ത പശ്ചാത്തലത്തിലാണ് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സർക്കാരിനെ വിമർശിച്ചിരുന്നത്. മുൻകൂർ നോട്ടീസ് നൽകാതെ ഹർത്താൽ ആഹ്വാനം ചെയ്യരുതെന്ന ഹൈകോടതി ഉത്തരവ് നിലനിൽക്കെ, സെപ്റ്റംബർ 23ന് നടത്തിയ മിന്നൽ ഹർത്താലിൽ വ്യാപകമായി അക്രമ സംഭവങ്ങൾ അരങ്ങേറിയതിനെ തുടർന്ന് സ്വമേധയാ പരിഗണിക്കുന്ന കോടതിയലക്ഷ്യമടക്കം ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

പിഎഫ്ഐ ഹർത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച കേസ്; നഷ്ടപരിഹാരം ഈടാക്കുന്നതില്‍ കാലതാമസം വരുത്തിയതിന് മാപ്പ് ചോദിച്ച് സർക്കാർ
രാജ്യവ്യാപകമായി പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്; 100ലധികം പേർ അറസ്റ്റിൽ

പോപുലർ ഫ്രണ്ടിന്റെയും സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിന്റെയും സ്വത്തുക്കൾ കണ്ടെത്തി റവന്യു റിക്കവറി നടപടിയെടുക്കാൻ റവന്യു വകുപ്പിന് നിർദേശം നൽകിയെന്നും ഒരുമാസത്തിനകം നടപ്പാക്കുമെന്നും നവംബർ എട്ടിന് സർക്കാർ ഉറപ്പു നൽകിയിരുന്നു. നഷ്ടപരിഹാരം ഉറപ്പാക്കാൻ ക്ലെയിം കമീഷണറെ നിയോഗിക്കുകയും പോപുലർ ഫ്രണ്ടിന്റെ സ്വത്തുക്കൾ കണ്ടെത്താൻ കളക്ടർമാർ സഹായിക്കണമെന്ന് നിർദേശവും നൽകിയിരുന്നു.

എന്നാൽ, ഒരുമാസത്തിനകം നടപടി പൂർത്തിയാക്കാനാവില്ലെന്ന് റവന്യു വകുപ്പ് അറിയിച്ചതായി അഡീ. ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ക്ലെയിം കമ്മീഷണറുടെ ഓഫീസിനുള്ള സ്ഥലവും ഓഫീസ് ജീവനക്കാരെയും അനുവദിക്കാൻ എറണാകുളം ജില്ലാ കളക്ടറോട് നിർദ്ദേശിച്ചെങ്കിലും സ്ഥലപരിമിതിയുള്ളതിനാൽ സാധ്യമാകില്ലെന്ന് കളക്ടർ വ്യക്തമാക്കിയതായും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് അഡി. ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ചത്.

logo
The Fourth
www.thefourthnews.in