എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ സർക്കാർ; മുന്‍കൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍
ബലാത്സംഗക്കേസിലെ പ്രതിയായ എൽദോസ് കുന്നപ്പിള്ളില്‍ എംഎൽഎയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാർ ഹൈക്കോടതിയില്‍. എല്‍ദോസിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി . അന്വേഷണവുമായി എല്‍ദോസ് സഹകരിക്കുന്നില്ലെന്നും കൂടുതല്‍ തെളിവെടുപ്പ് നടത്തണമെന്നുമാണ് സര്‍ക്കാര്‍ വാദം. വധശ്രമത്തിനും ബലാത്സംഗത്തിനും തെളിവുകളുണ്ടെന്നും അത് പരിഗണിക്കാതെയാണ് കീഴ്ക്കോടതി നടപടിയെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
ഒക്ടോബർ 20ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയായിരുന്നു ജാമ്യം. ഫോണും പാസ്‌പോര്‍ട്ടും കോടതിയില്‍ ഹാജരാക്കണം, സംസ്ഥാനം വിട്ടുപോകരുത്, സാമൂഹ്യമാധ്യമങ്ങളില്‍ പ്രകോപനപരമായ സന്ദേശങ്ങള്‍ ഇടരുത് തുടങ്ങിയ ഉപാധികളോടെയായിരുന്നു ജാമ്യം.
എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് പരാതിക്കാരിയായ അധ്യാപിക രംഗത്തെത്തിയത്. തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ചെയ്തതിനാണ് എംഎല്‍എയ്ക്കെതിരെ പോലീസ് ആദ്യം കേസെടുത്തത്. പിന്നീട് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ലൈംഗിക അതിക്രമം, വധശ്രമം എന്നീ വകുപ്പുകള്‍ കൂടി ചുമത്തുകയായിരുന്നു.
കേസില്‍ ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് ശേഷമാണ് പൊതുസമൂഹത്തിന് മുന്നിലെത്തിയത്. കേസിന് പിന്നാലെ എംഎല്‍എയെ കെപിസിസി ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആറ് മാസത്തേക്കാണ് സസ്പെൻഷൻ. ആറ് മാസത്തേക്ക് കെപിസിസി, ഡിസിസി പരിപാടികളിൽ പങ്കെടുക്കരുതെന്നും നിർദേശമുണ്ട്.