നീതിക്കായി ജാമ്യം വേണ്ടെന്ന് പറഞ്ഞ പോരാളി

2016 നവംബറിലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം സംഘം ചേർന്ന് പ്രതിഷേധിച്ചുവെന്ന 'കുറ്റത്തിന്' അയിനൂർ വാസുവെന്ന ഗ്രോ വാസുവിനെതിരെ പോലീസ് കേസെടുക്കുന്നത്

ഏഴ് വർഷങ്ങൾക്ക് മുൻപ് രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ ദിവസമാണ് കോഴിക്കോടുനിന്ന് ഒരു 93കാരനായ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ കേരളാ പോലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രതിഷേധിച്ചുവെന്നതാണ് കുറ്റം. എല്ലാ കുറ്റവാളികളെയും നിയമത്തിന് മുൻപിൽ കൊണ്ടുവരണമെന്ന കേരളാപോലീസിന്റെ നിഷ്കളങ്കത തുളുമ്പുന്ന 'ദൃഢകൃത്യേ' ബോധമായിരുന്നു അതിനുപിന്നിലെന്ന് വേണം കരുതാൻ.

2016 നവംബറിലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം സംഘം ചേർന്ന് പ്രതിഷേധിച്ചുവെന്ന 'കുറ്റത്തിന്' അയിനൂർ വാസുവെന്ന ഗ്രോ വാസുവിനെതിരെ പോലീസ് കേസെടുക്കുന്നത്. മാവോയിസ്റ്റ് നേതാവായിരുന്ന കൂപ്പുദേവരാജിനെയും അജിതയെയും എൻകൗണ്ടറിൽ വധിച്ച മനുഷ്യത്വരഹിതമായ നടപടിക്കെതിരെയായിരുന്നു ഗ്രോ വാസുവെന്ന പഴയ നക്സൽ നേതാവ് അന്ന് പ്രതിഷേധിച്ചത്.

ആ കേസിൽ നിയമം നടപ്പിലായില്ലെന്ന പെട്ടെന്നുണ്ടായ തോന്നലും നിയമം നടപ്പിലാക്കാനുള്ള വ്യഗ്രതയുമായിരുന്നു കഴിഞ്ഞ ദിവസം വാസുവിന്റെ അറസ്റ്റിലേക്ക് കേരളാ പോലീസിനെ നയിച്ചത്.

കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ വാസുവിനോട് കുറ്റം ചെയ്തിട്ടുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ 'പ്രതിഷേധം അറിയിക്കുകയാണ് ചെയ്തതെന്ന മറുപടിയാണ് വാസു നൽകിയത്. പ്രായം പരിഗണിച്ച് സ്വന്തം ആൾജാമ്യത്തിൽ വിട്ടയ്ക്കാമെന്ന് കോടതി പറഞ്ഞപ്പോൾ രേഖകളിൽ ഒപ്പുവയ്ക്കാൻ അദ്ദേഹം തയ്യാറായില്ല. പോലീസിന്റെ പല വിധേനയുള്ള വേട്ടയാടലുകൾക്കെതിരെയുള്ള പ്രതിഷേധത്തിന്റെ മറ്റൊരു രൂപമായിരുന്നു പിന്നീട് കുന്ദമംഗലം കോടതി കണ്ടത്. പലരും അനുനയ ശ്രമങ്ങൾ നടത്തിയെങ്കിലും നിലപാടുകളിൽ വിട്ടുവീഴ്‍ചയില്ലാത്ത അയാൾക്ക് സമരസപ്പെടുക അസാധ്യമായിരുന്നു.

കേസ് പരിഗണിക്കാൻ ശനിയാഴ്ച വൈകിട്ട് വീണ്ടും ചേർന്നു. പിഴയടച്ച് പോകാൻ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടെങ്കിലും വാസു പിന്നോട്ടില്ലെന്ന് കട്ടായം പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് പിഴ എന്ന ബോധ്യമായിരുന്നു ആ തീരുമാനത്തിന് പിന്നിൽ. തുടർന്ന് അദ്ദേഹത്തെ റിമാൻഡ് ചെയ്ത് കോഴിക്കോട്ടെ സബ്ജയിലിലേക്ക് മാറ്റുകയായിരുന്നു.

ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന നാട്ടിൽ പ്രഖ്യാപിത നിലപാടുകൾക്ക് എതിരായി മാവോയിസ്റ്റുകളെ എൻകൗണ്ടറുകളിലൂടെ വെടിവച്ച് കൊന്നതിനെതിരെയായിരുന്നു ഗ്രോ വാസുവിന്റെ പ്രതിഷേധം. അതിനെതിരെ 2016ൽ ഫയൽ ചെയ്ത കേസിൽ ഇത്ര ആർജ്ജവാവേശത്തോടെ നടത്തിയ അറസ്റ്റ് ആശ്ചര്യപ്പെടുത്തുന്നതാണ്. സമരങ്ങളുടെയും ചെറുത്തുനിൽപ്പുകളുടെയും പിൻബലത്തിൽ കെട്ടിപ്പടുത്ത ഒരു രാഷ്ട്രീയ പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയാണോ വാസുവിനെതിരായ നടപടി എന്ന് സംശയിച്ചാൽ തെറ്റ് പറയാനാകില്ല.

വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന അയിനൂർ വാസു, നക്സൽബാരി പ്രക്ഷോഭം നടന്നതിന്റെ തൊട്ടടുത്ത വർഷമാണ് പാർട്ടിയിൽ നിന്ന് രാജിവച്ച് നക്സൽ പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നത്. കുറ്റ്യാടി പോലീസ് സ്റ്റേഷൻ ആക്രമണത്തിന്റെയും മറ്റും ഭാഗമായിരുന്ന വാസു, 1970ലാണ് ജയിലിലാകുന്നത്. അടിയന്തരാവസ്ഥ കാലത്തുൾപ്പെടെ ജയിൽ വാസമനുഭവിച്ച വാസു ഏഴ് വർഷങ്ങൾക്ക് ശേഷമാണ് മോചിതനാകുന്നത്.

സംസ്ഥാനത്തെ ഏറ്റവും കരുത്തുറ്റ ജനകീയ സമരങ്ങളിലൊന്നായ ചാലിയാർ സമരത്തെ മുന്നോട്ടുനയിച്ചത് വാസുവായിരുന്നു. മാവൂരിലെ ഗ്വാളിയോർ റയോൺസ് പൾപ്പ് ഫാക്ടറി ചാലിയാർ പുഴയെ മലിനമാക്കുന്നതിനെതിരെയായിരുന്നു പ്രക്ഷോഭം. ആ സമരത്തിലൂടെയാണ് എ വാസു ഗ്രോ വാസുവായി മാറുന്നത്. പാർശ്വവത്കൃതരുടെ അവകാശ പോരാട്ടങ്ങളിലെല്ലാം എല്ലാം അയാൾ മുൻപന്തിയിലുണ്ടായിരുന്നു.

ജയിൽ മോചിതനായ വാസു ഉപജീവനമാർഗമായി സ്വീകരിച്ചത് ഇരുപതാം വയസിൽ പഠിച്ച കുട നിർമാണമായിരുന്നു. ഇപ്പോൾ പ്രായം 93 കടന്നു. മറ്റൊരാളെ ആശ്രയിച്ചുള്ള ജീവിതം ചിന്തിക്കാൻ പോലുമാകാതിരുന്ന വാസു തനിക്കറിയാവുന്ന കൈത്തൊഴിൽ 46 വർഷമായി ചെയ്തുപോരുകയായിരുന്നു. അതിനിടെ മനുഷ്യാവകാശം ലംഘിക്കപ്പെട്ട വിഷയങ്ങളിലെല്ലാം മറിച്ചൊന്നാലോചിക്കാതെ വാസു പ്രതിഷേധിച്ചു. ഉറച്ച നിലപാടുകൾ കൈകൊണ്ടു. അങ്ങനെയുള്ള ഒരാൾ എൻകൗണ്ടർ പോലെയുള്ള മനുഷ്യവിരുദ്ധമായ നരാധമ പ്രവൃത്തിയിൽ പ്രതികരിക്കുങ്ക സ്വാഭാവികം.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മാത്രം കേരളത്തിൽ നടന്ന എൻകൗണ്ടറുകളിൽ കൊല്ലപ്പെട്ടത് എട്ട് മാവോയിസ്റ്റുകളാണ്. പറച്ചിലിന്റെയും പ്രവൃത്തിയുടെയും ഇരട്ടത്താപ്പായിരുന്നു പലപ്പോഴായി കണ്ടത്. എന്നാൽ ഇതിനെതിരെ ഒരിക്കലെങ്കിലും നടപടി എടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് 'പോലീസ് സേനയുടെ മനോവീര്യത്തിന്റെ തട്ട് താണു തന്നെയിരിക്കും' എന്നതാണ് ഉത്തരം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in