'രേഖകൾ ഹാജരാക്കൂ, പണം നൽകാം'; ജിഎസ്ടി നഷ്ടപരിഹാരത്തുക നൽകുന്നില്ലെന്ന കേരളത്തിന്റെ ആരോപണം തള്ളി കേന്ദ്രം
കേരളത്തിനെതിരെ കടുത്ത വിമര്‍ശനവുനായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. സംസ്ഥാനം കൃത്യസമയത്ത് ആവശ്യമായ രേഖകള്‍ ഹാജരാക്കുന്നില്ലെന്ന് നിര്‍മലാ സീതാരാമന്‍ കുറ്റപ്പെടുത്തി. ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കാൻ സമര്‍പ്പിക്കേണ്ട, എ ജി സാക്ഷ്യപ്പെടുത്തിയ രേഖകള്‍ കേരളം ഹാജരാക്കുന്നില്ലെന്ന് മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. 2017 മുതല്‍ സംസ്ഥാനം രേഖകൾ ഹാജരാക്കിയില്ലെന്നാണ് കുറ്റപ്പെടുത്തല്‍. കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി നഷ്ടപരിഹാരത്തുക നല്‍കുന്നില്ലെന്ന വിമര്‍ശനം കേരളം ഉയര്‍ത്തുമ്പോഴാണ്, സര്‍ക്കാരിനെതിരെ ധനമന്ത്രിയുടെ വിമര്‍ശനം.
എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സഭയില്‍ നിര്‍മലാ സീതാരാമന്‍. വര്‍ഷാടിസ്ഥാനത്തിലുള്ള കണക്ക് നിരത്തിയാണ് ധനമന്ത്രി ലോക്‌സഭയില്‍ മറുപടി നല്‍കിയത്. 2017-18 സാമ്പത്തിക വര്‍ഷം മുതല്‍ 2021-22 സാമ്പത്തിക വര്‍ഷം വരെ, എജി സാക്ഷ്യപ്പെടുത്തിയ രേഖ കേരളം നല്‍കിയിട്ടില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. ഒരു വര്‍ഷം പോലും ആവശ്യമായ രേഖ നല്‍കാതെയാണ് കേന്ദ്രം ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നില്ലെന്ന് കേരളം ആരോപിക്കുന്നത്. എല്ലാവര്‍ഷത്തെയും രേഖകള്‍ ഒരുമിച്ച് അയച്ചാല്‍ തന്നെയും, അവ ലഭിച്ച് ന്യായമായ സമയത്തിനകം മുഴുവന്‍ തുകയും ലഭ്യമാക്കും. രേഖകള്‍ അയപ്പിക്കുന്നതില്‍ എന്‍ കെ പ്രേമചന്ദ്രന്‍ ഇടപെടമെന്നും പരിഹാസരൂപേണ മന്ത്രി പറഞ്ഞു.
ജിഎസ്ടി നഷ്ടപരിഹാരമായി 5,000 കോടിയോളം രൂപ ലഭിക്കാനുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നതെന്നും ഇതിന്‌റെ വാസ്തവം എന്തൈന്നുമായിരുന്നു എന്‍ കെ പ്രേമചന്ദ്രന്‌റെ ചോദ്യം. 15ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം കേരളത്തിന് ലഭിക്കേണ്ട വിഹിതം കൃത്യമായിനല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ ജിഎസ്ടി കൗണ്‍സിലാണ് തീരുമാനമെടുക്കുന്നതെന്നും കേന്ദ്ര സര്‍ക്കാരല്ലെന്നും ധനമന്ത്രി വ്യക്തമാക്കി. 86,912 കോടി രൂപ വിവിധ സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരത്തുക നൽകാനായി 2022 മെയ് 31 ന് റിലീസ് ചെയ്‌തെന്നും മന്ത്രി വ്യക്തമാക്കി.