നികുതി വെട്ടിപ്പ് പരാതി: വീണാ വിജയനെതിരേ ജിഎസ്ടി അന്വേഷണം
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ സിഎംആര്‍എല്ലില്‍നിന്ന് 1.72 കോടി രൂപ വാങ്ങിയതില്‍ നികുതി വെട്ടിപ്പുണ്ടെന്ന മാത്യു കുഴല്‍നാടന്റെ പരാതിയില്‍ അന്വേഷണം തുടങ്ങി ജിഎസ്ടി വകുപ്പ്. ജിഎസ്ടി വിഹിതമായ 30 ലക്ഷം രൂപ കിട്ടിയോ എന്ന് ചോദിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാലിനയച്ച പരാതിയിലാണ് അന്വേഷണം. മാത്യു കുഴല്‍നാടന്റെ പരാതി ഇന്നലെ തന്നെ ധനമന്ത്രി സംസ്ഥാന നികുതി സെക്രട്ടറിയായ അഡിഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിന് കൈമാറിയിരുന്നു. പരാതിയില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന ജിഎസ്ടി അഡീഷണല്‍ കമ്മീഷണര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
വീണാ വിജയന്റെ എക്സാ ലോജിക് പ്രവര്‍ത്തിക്കുന്നത് കര്‍ണാടകയില്‍ ആയതിനാല്‍ സംസ്ഥാന ജിഎസ്ടി അഡീഷണല്‍ കമ്മീഷണറുടെ അന്വേഷണത്തിലും പരിമിതികളുണ്ടാകും. കേന്ദ്ര ജിഎസ്ടി വകുപ്പിനോ കര്‍ണാടക ജിഎസ്ടി വകുപ്പിനോ മാത്രമേ ഇക്കാര്യത്തില്‍ അന്വേഷിച്ച് വ്യക്തത വരുത്താനാകൂ എന്നതാണ് വസ്തുത. അങ്ങനെയെങ്കില്‍ കേന്ദ്ര സര്‍ക്കാരോ കര്‍ണാടക സര്‍ക്കാരോ അന്വേഷണം ഏറ്റെടുക്കേണ്ടി വരും.
എന്നാല്‍ എക്സാ ലോജിക് കമ്പനി കേരളത്തില്‍ നേരത്തേ രെജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചിരുന്നോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിലവിലെ അന്വേഷണ പരിധിയില്‍ വരും. പ്രവര്‍ത്തനം നടന്നിട്ടുണ്ടെങ്കില്‍ അക്കാലയളവിലെ കമ്പനിയുടെ സാമ്പത്തിക കാര്യങ്ങള്‍ സംസ്ഥാന ജിഎസ്ടി അഡീഷണല്‍ കമ്മീഷണര്‍ പരിശോധിക്കും.
കുഴല്‍നാടന്റെ ആരോപണം രാഷ്ട്രീയ വിവാദങ്ങളിലേക്ക് കടന്നതോടെയാണ് അന്വേഷിക്കാന്‍ ജിഎസ്ടി വകുപ്പിന് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഔദ്യോഗിക ഉത്തരവിറക്കാന്‍ സാധ്യതയില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും ലഭ്യമാകുന്ന സൂചന. അതേസമയം, സംസ്ഥാന ജിഎസ്ടിയും, ഐ ജിഎസ്ടിയും കൃത്യമായി അടക്കുന്നതില്‍ എക്സാ ലോജികിന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.
വീണാ വിജയന്‍ ഐജിഎസ്ടി കൊടുത്തതിന്റെ രേഖ പൊതുസമൂഹത്തിന് മുമ്പില്‍ കാണിച്ചാല്‍ മാത്യു കുഴല്‍നാടന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയാറാകുമോയെന്ന് എ കെ ബാലന്‍ വെല്ലുവിളിച്ചിരുന്നു.