കൊച്ചി ബാര്‍ ഹോട്ടലിലെ വെടിവെപ്പ്; രണ്ടുപേർ പിടിയിൽ
കൊച്ചി മരടിലെ ബാര്‍ ഹോട്ടൽ വെടിവെപ്പിൽ രണ്ടുപേർ പിടിയിൽ. കൊല്ലം സ്വദേശി റോജൻ, സുഹൃത്തായ അഭിഭാഷകൻ ഹറോൾഡ് എന്നിവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. എയർഗൺ ഉപയോഗിച്ചാണ് വെടിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.
മരട് ഓജീസ് കാന്താരി ഹോട്ടലിലാണ് ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ വെടിവെപ്പുണ്ടായത്. മദ്യപിച്ച് പുറത്തിറങ്ങുന്നതിനിടെ റോജന്‍ ഹോട്ടലിന്റെ ഭിത്തിയിലേക്ക് വെടിവെയ്ക്കുകയായിരുന്നു.
ആലപ്പുഴ അര്‍ത്തുങ്കലിന് സമീപത്ത് നിന്നാണ് ഇരുവരും പിടിയിലായതെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഉച്ചയ്ക്ക് രണ്ട് മണിയോടെ റോജനും സുഹൃത്ത് ഹറോള്‍ഡും ചേര്‍ന്നാണ് മദ്യപിക്കാനായി ഹോട്ടലില്‍ എത്തുന്നത്. മദ്യപിച്ച ശേഷം പണം കൊടുത്ത് പുറത്തിറങ്ങിയ റോജന്‍ കൈയിലിരുന്ന തോക്ക് എടുത്ത് ഹോട്ടലിന്റെ ഭിത്തിയിലേക്ക് വെടിവെയ്ക്കുകയായിരുന്നു.
സംഭവം നടന്ന ശേഷം ബാര്‍ ഹോട്ടല്‍ ഉടമയും ജീവനക്കാരും പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. പിന്നീട് വിവരമറിഞ്ഞ് പോലീസ് ബാറിലെത്തുകയായിരുന്നു. പോലീസ് ഇടപെടലിനെ തുടര്‍ന്നാണ് ഉടമ പരാതി നല്‍കിയത്. ഇതിനിടെ പോലീസ് സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്‌റ്റേഷനുകളിലേക്കും പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ അയച്ചു. പോലീസിന്റെ പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്.
വെടിയുതിര്‍ത്ത റോജന്‍ മറ്റൊരു കേസില്‍ അടുത്തിടെ ജാമ്യത്തിലിറങ്ങിയയാളാണ്. സുഹൃത്തായ അഭിഭാഷകന്‍ ഹറോള്‍ഡ് ആണ് ഇയാളെ ജാമ്യത്തിലെടുത്തത്. ജാമ്യം ലഭിച്ച സന്തോഷം പങ്കിടാനായാണ് ഇരുവരും ബാറിലെത്തിയത്.