ഗുരുവായൂര്‍ ദേവസ്വത്തില്‍ ക്ഷേത്രം കുക്ക് തസ്തിക ബ്രാഹ്‌മണര്‍ക്കു മാത്രം; വിജ്ഞാപനമിറക്കി  റിക്രൂട്മെന്റ് ബോര്‍ഡ്

ഗുരുവായൂര്‍ ദേവസ്വത്തില്‍ ക്ഷേത്രം കുക്ക് തസ്തിക ബ്രാഹ്‌മണര്‍ക്കു മാത്രം; വിജ്ഞാപനമിറക്കി റിക്രൂട്മെന്റ് ബോര്‍ഡ്

ദേവസ്വം ബോര്‍ഡ് നിയമനം പി എസ് സിയ്ക്ക് വിടും എന്നതായിരുന്നു എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനം
Updated on
1 min read

ക്ഷേത്രം കുക്ക് തസ്തിക ബ്രാഹ്‌മണര്‍ക്കു മാത്രമെന്നു ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്. ഗുരുവായൂര്‍ ദേവസ്വത്തില്‍ ക്ഷേത്രം കുക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിലാണ് ബ്രാഹ്‌മണര്‍ മാത്രം അപേക്ഷിച്ചാല്‍ മതി എന്ന നിര്‍ദ്ദേശം. മുമ്പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താല്‍ക്കാലികമായി കുക്കിനെ നിയമിച്ചപ്പോഴും ബ്രാഹ്‌മണര്‍ക്ക് മാത്രമായിരുന്നു അപേക്ഷിക്കാന്‍ അവസരം. അന്ന് അത വലിയ വിവാദമായിരുന്നു. എന്നാല്‍ തീരുമാനത്തില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്‍വാങ്ങിയിരുന്നില്ല.

ദേവസ്വം ബോര്‍ഡ് നിയമനം പി എസ് സിയ്ക്ക് വിടും എന്നതായിരുന്നു എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനം. എന്നാല്‍ പിന്നീട് നിയമനത്തിന് ദേവസ്വം റിക്രൂട്മെന്റ് ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. നിയമന പ്രക്രിയകളില്‍ റൊട്ടേഷന്‍ പാലിക്കണമെന്ന് വ്യവസ്ഥയുണ്ട്. അതിനിടെയാണ് ബ്രാഹ്‌മണര്‍ മാത്രം കുക്ക് തസ്തികയില്‍ അപേക്ഷിച്ചാല്‍ മതിയെന്ന ദേവസ്വം റിക്രൂട്മെന്റ് ബോര്‍ഡിന്റെ വിജ്ഞാപനം.

ദേവസ്വത്തില്‍ കുക്ക് തസ്തികയില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് കഴിഞ്ഞ രണ്ട് ദിവസം മുമ്പാണ് വിജ്ഞാപനം ഇറങ്ങിയത്. മലയാളം വായിക്കാനും എഴുതാനുമറിയാവുന്ന ശാരീരികക്ഷമതയുള്ള ഹിന്ദു ബ്രാഹ്‌മണ സമുദായത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം എന്ന് വിജ്ഞാപനത്തില്‍ പറയുന്നു. അബ്രാഹ്‌മണര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാനാവില്ല.

ദിവസങ്ങള്‍ക്ക് മുമ്പാണ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ തനിക്ക് കണ്ണൂരിലെ ക്ഷേത്രത്തില്‍ നിന്ന് അയിത്തം നേരിട്ടു എന്ന കാര്യം വെളിപ്പെടുത്തിയത്. മനുഷ്യന് അയിത്തം കല്‍പ്പിക്കുന്ന ഏതു രീതിയോടും യോജിക്കാന്‍ കഴിയില്ലെന്ന് അന്നു മന്ത്രി പ്രതികരിച്ചിരുന്നു. എന്നാല്‍ ഇത്തരം അനുഭവങ്ങള്‍ നേരിട്ടിട്ടും ദേവസ്വം ബോര്‍ഡ് നിയമനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാത്തതില്‍ പലര്‍ക്കും പ്രതിഷേധമുണ്ട്.

വിഷയത്തില്‍ സോഷ്യല്‍ സയന്റിസ്റ്റ് ആയ ഒ പി രവീന്ദ്രന്‍ പ്രതികരണവുമായി രംഗത്തെത്തി. ദേവസ്വത്തിന്റെ മന്ത്രി രാധാകൃഷ്ണനാണ്. തിരഞ്ഞെടുപ്പ് പ്രകടന പത്രിക വാഗ്ദാനമുണ്ടായിരുന്നു. എന്നിട്ട് കൂടി സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. റൊട്ടേഷന്‍ വ്യവസ്ഥ പാലിച്ചാല്‍ പോലും എപ്പോഴും ബ്രാഹ്‌മണരെ മാത്രം നിയമിക്കാന്‍ പറ്റില്ല. മൂന്ന് കുക്ക് ഉള്ളതില്‍ മൂന്ന് പേരും ബ്രാഹ്‌മണര്‍ മാത്രമായിരിക്കണമെന്ന് പറയുമ്പോള്‍ ആ റൊട്ടേഷന്‍ വ്യവസ്ഥയും പാലിക്കപ്പെടാതെ വരികയാണ്. ദേവസ്വം ബോര്‍ഡിലെ ശുദ്ധി അശുദ്ധി സങ്കല്‍പ്പമാണ് ഇതിന് അടിസ്ഥാനം. ബ്രാഹ്‌മണര്‍ മാത്രം വയ്ക്കുന്ന ഭക്ഷണത്തിന് ശുദ്ധി കല്‍പ്പിച്ച് നല്‍കുകയാണ്. ഇത് അംഗീകരിക്കുക വഴി ജനാധിപത്യ പ്രക്രിയയില്‍ സനാതന ധര്‍മ്മം കിരുകിക്കയറ്റുകയാണ്.'- അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് റഗുലേഷന്‍ ചട്ടപ്രകാരമാണ് ദേവസ്വം ബോര്‍ഡിന് കീഴില്‍ നിയമനങ്ങള്‍ നടക്കുന്നതെന്നാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതരുടെ വിശദീകരണം. 1983ലാണ് എംപ്ലോയീസ് റഗുലേഷന്‍ ചട്ടമുണ്ടാക്കിയത്. പിന്നീട് 2015ലും 2016ലും ചെറിയ ചില ഭേദഗതികള്‍ ഉണ്ടായതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങള്‍ അതില്‍ ഉണ്ടായിട്ടില്ല. ദേവസ്വം മാനേജ്മെന്റ് കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനിച്ചാല്‍ മാത്രമേ ചട്ടത്തില്‍ ഭേദഗതി വരുത്താനാവൂ. സമിതി ദേവസ്വം കമ്മീഷ്ണറോട് ആവശ്യപ്പെടുന്നതനുസരിച്ച് കമ്മീഷ്ണര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. എന്നാല്‍ മുന്‍ നിയമനങ്ങള്‍ വിവാദമായപ്പോഴും സമിതി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല.

logo
The Fourth
www.thefourthnews.in