എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള വീടുകൾ എത്രയും വേഗം കൈമാറണമെന്ന് ഹൈക്കോടതി
കാസർഗോഡ് എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള വീടുകൾ ഉടൻ കൈമാറണമെന്ന് ഹൈക്കോടതി. വീടുകൾ യഥാസമയം കൈമാറാത്തതിനാൽ ജീർണാവസ്ഥയിലാണെന്നു ചൂണ്ടിക്കാട്ടി സത്യസായി ഓർഫനേജ് ട്രസ്റ്റ് നൽകിയ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് സർക്കാരിന് നിർദേശം നൽകിയത്. 81 വീടുകൾ ഹർജിക്കാർ നിർമിച്ചതിൽ പലതും കൈമാറാത്തതിനാൽ ജീർണാവസ്ഥയിലാണെന്നും പുനർ നിർമ്മിക്കാൻ 24 ലക്ഷം രൂപ വേണമെന്നും ഹർജിക്കാർ വ്യക്തമാക്കിയിരുന്നു.
ഇതിൽ വ്യക്തമായ വിശദീകരണം നൽകാത്തതിൽ കഴിഞ്ഞ ദിവസം ജില്ലാ കളക്ടറെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇന്ന് കാസർഗോഡ് കളക്ടർ ഓൺലൈനായി കോടതിയിൽ ഹാജരായി വിശദീകരണം നൽകി. വീടുകളുടെ പണി പൂർത്തിയായെന്നും എത്രയും വേഗം കൈമാറുമെന്നും കോടതിയെ അറിയിച്ചു. ഹർജിക്കാരോട് ജില്ലാ കളക്ടറെ സമീപിക്കാനും ഉടൻ വീടുകൾ കൈമാറാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശം നൽകി.
അടുത്തമാസം 15 നുള്ളിൽ നടപടികൾ പൂർത്തിയാക്കി വീടുകൾ കൈമാറണമെന്നും ദുരിത ബാധിതർക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നും കോടതി ചൂണ്ടികാട്ടി. ദുരിതബാധിതരിൽ പലരും വാടക വീടുകളിലാണ് കഴിയുന്നത്. ദുരിതബാധിതരുടെ പ്രശ്നങ്ങൾ എന്തുകൊണ്ടാണ് കളക്ടർക്ക് മനസിലാവാത്തതെന്നും കോടതി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു.