വിശപ്പകറ്റാന്‍ നൂലില്‍ കെട്ടി പഴങ്ങള്‍, കുടിക്കാന്‍ കരിക്ക്,സദാസമയവും അംഗരക്ഷകര്‍; ഹനുമാന്‍ കുരങ്ങിന് കുശാലാണ്

തിരുപ്പതി സുവോളിജിക്കൽ പാർക്കിൽ നിന്ന് എത്തിച്ച രണ്ട് ഹനുമാൻ കുരങ്ങുകളിലൊന്നാണ് ചാടിപ്പോയത്

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന്, നിന്നനില്‍പ്പില്‍ ഒറ്റ മുങ്ങല്‍. മരത്തിലൂടെ ചാടി ചാടി ആദ്യം എത്തിയത് പിഎംജിയിലെ മാസ്ക്കറ്റ് ഹോട്ടലിന് അടുത്ത്. മൂന്ന് ദിവസമെടുത്ത് അവിടെയെല്ലാം കണ്ട് ആസ്വദിച്ചതിന് ശേഷം ചില്ല പിടിച്ച് നേരെ പബ്ലിക്ക് ലൈബ്രറിയിലേക്ക്. ആല്‍മരത്തിലിരുന്ന് നഗരം കാണുക മാത്രമല്ല ടിക്കറ്റില്ലാതെ നാട്ടുകാര്‍ക്ക് കാണാന്‍ പറ്റുന്ന തരത്തിലാണ് ഇരിപ്പ്. ഹനുമാന്‍ കുരങ്ങിന്റെ റൂട്ട് മാപ്പ് അറിയാന്‍ കണ്ണില്‍ എണ്ണയൊഴിച്ച് മൃഗശാലയിലെ ജീവനക്കാര്‍ ഒപ്പമുണ്ട്. നൂലില്‍ കെട്ടിയാണ് ഭക്ഷണം മരത്തിന് മുകളില്‍ എത്തിക്കുന്നത്. ഏത്തപ്പഴം,മുന്തിരി, ഓറഞ്ച് എന്നിവയ്ക്കൊപ്പം മരത്തിലെ കായയും ഇലയുമാണ് ഇഷ്ട വിഭവം.

അതേസമയം, നഗരത്തിൽ കുരങ്ങ് എത്തിയതറിഞ്ഞ് നിരവധി ആളുകളാണ് പബ്ലിക്ക് ലൈബ്രറി പരിസരത്തേക്ക് എത്തുന്നത്. 'ഹനുമാനെപ്പോലെ ഇരിക്കുന്നു'വെന്നതുപോലുള്ള കമന്റുകളടിച്ചാണ് കാണികളുടെ മടക്കം.

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് പെൺ ഹനുമാൻ കുരങ്ങ് മൃഗശാലയിൽ നിന്ന് ചാടിപ്പോയത്. തിരുപ്പതി സുവോളിജിക്കൽ പാർക്കിൽ നിന്ന് എത്തിച്ച രണ്ട് ഹനുമാൻ കുരങ്ങുകളിലൊന്നായിരുന്നു ഇത്. അതിവേഗത്തിൽ മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് ചാടിപ്പോകാൻ കഴിവുള്ളതാണ് ഈ പെൺ ഹനുമാൻ കുരങ്ങ്. കുരങ്ങിനെ മയക്കുവെടിവച്ചോ മറ്റ് മാർഗങ്ങളിലൂടെയോ പിടികൂടേണ്ടതില്ലെന്ന തീരുമാനത്തിലാണ് മൃഗശാല അധികൃതർ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in