'ശശിധരന്‍ കർത്തയ്ക്കെതിരെ നിലപാടെടുത്തതിന് ജന്മഭൂമി പത്രാധിപ സ്ഥാനംപോയി'; ആരോപണവുമായി ഗവർണറുടെ മാധ്യമ ഉപദേഷ്ടാവ്
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സ്വകാര്യ കമ്പനിയില്‍ നിന്ന് മാസപ്പടി നല്‍കിയെന്ന വിവാദത്തിന് പിന്നാലെ ശശിധരന്‍ കര്‍ത്തയ്‌ക്കെതിരെ ആരോപണവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഗവര്‍ണറുടെ മാധ്യമ ഉപദേഷ്ടാവുമായ ഹരി കര്‍ത്ത. ശശിധരന്‍ കര്‍ത്തയ്‌ക്കെതിരെ നിലപാടെടുത്തതിന് ജന്മഭൂമിയിലെ പത്രാധിപ സ്ഥാനം നഷ്ടപ്പെട്ടുവെന്നാണ് ഹരി കര്‍ത്തയുടെ ആരോപണം.
ജന്മഭൂമിയില്‍ പത്രാധിപനായിരുന്ന സമയത്ത് ഹരി കര്‍ത്ത അറിയാതെ ശശിധരന്‍ കര്‍ത്തയെ വെള്ളപൂശുന്ന തരത്തിലുള്ള മുഖംപ്രസംഗം പുറത്തിറങ്ങിയെന്നും അതില്‍ പ്രതിഷേധിച്ച് സ്വയം രാജിവച്ചിറങ്ങുകയായിരുന്നു എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഹരി കര്‍ത്തയുടെ സമ്മതമില്ലാതെ മറ്റൊരു സഹപ്രവര്‍ത്തകനാണ് ശശിധരന്‍ കര്‍ത്തയെ വെള്ളപൂശുന്ന തരത്തില്‍ മുഖപ്രസംഗം എഴുതിയത്. എന്നാല്‍ അതില്‍ ആരോടും പ്രതിഷേധം രേഖപ്പെടുത്താതെ സ്വയം രാജിവച്ചിറങ്ങുകയായിരുന്നു. അന്ന് രാജിവച്ചിറങ്ങിയപ്പോള്‍ കരിമണല്‍ ഖനനത്തിനെതിരെ യുദ്ധം നടത്തിയിരുന്ന വി എം സുധീരന്‍ മാത്രമേ അഭിനന്ദിക്കാനുണ്ടായിരുന്നുള്ളുയെന്നും ഹരി കര്‍ത്ത കുറിപ്പിൽ പറയുന്നു.
കരിമണല്‍ കമ്പനിയെ പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടന വേദിയില്‍ പ്രകീര്‍ത്തിച്ചെന്നും പ്രതിവാര പംക്തിയില്‍ അതിനെതിരെ വിമര്‍ശിച്ചെഴുതിയെന്നും ഹരി കര്‍ത്ത
എന്നാല്‍, ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അതേ പത്രത്തില്‍ തന്നെ മുഖ്യപത്രാധിപര്‍ പദവി മാനേജ്‌മെന്റ് നല്‍കിയെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, വീണ്ടും അവിടെ നിന്ന് രാജിവയ്ക്കുകയായിരുന്നെന്നും ഹരി കര്‍ത്ത ആരോപിച്ചു. ആ രാജിക്ക് പിന്നിലും ശശിധരന്‍ കര്‍ത്തയ്ക്കും അയാളുടെ കരിമണല്‍ കമ്പനിക്കും പ്രത്യക്ഷത്തിലും പരോക്ഷമായും ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.
അതേസമയം മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെയും ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശനമുണ്ട്. ശശിധരന്‍ കര്‍ത്തയുടെ കമ്പനി ഉദ്ഘാടനം ചെയ്തത് പികെ കുഞ്ഞാലിക്കുട്ടിയായിരുന്നു എന്നാണ് ആരോപണം. കരിമണല്‍ കമ്പനിയെ പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടന വേദിയില്‍ പ്രകീര്‍ത്തിച്ചെന്നും പ്രതിവാര പംക്തിയില്‍ അതിനെതിരെ വിമര്‍ശിച്ചെഴുതിയെന്നും ഹരി കര്‍ത്ത പറയുന്നു. അതിനുശേഷമാണ് അവിടെ നിന്നും രാജിവച്ച് ഇറങ്ങേണ്ടി വരുന്നത്.
2017 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് കമ്പനി വീണയ്ക്ക് പണം നല്‍കിയതെന്നാണ് ആരോപണം
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് ശശിധരന്‍ കര്‍ത്തയുടെ കമ്പനിയായ കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടെല്‍ ലിമിറ്റഡ് 1.72 കോടിയോളം രൂപ നല്‍കിയതിന്റെ രേഖകള്‍ കഴിഞ്ഞ ദിവസം മനോരമ പത്രം പുറത്തുവിട്ടിരുന്നു. 2017 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് കമ്പനി വീണയ്ക്ക് പണം നല്‍കിയതെന്നാണ് ആരോപണം. ഈ വിവാദങ്ങൾക്ക് പിന്നാലെയാണ് ശശിധരൻ കർത്തയ്ക്കെതിരെ ആരോപണവുമായി ഹരി കർത്ത രംഗത്തെത്തുന്നത്.