ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക മറന്ന സംഭവം: ഹര്‍ഷിന സത്യഗ്രഹ സമരം ആരംഭിച്ചു
ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക മറന്നു വച്ച സംഭവത്തില്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച് സത്യഗ്രഹ സമരമാരംഭിച്ച് ഹര്‍ഷിന. അഞ്ച് വര്‍ഷത്തിലധികമായി വയറ്റിലകപ്പെട്ട കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പുറത്ത് എടുത്ത് ആറ് മാസം പിന്നിട്ടിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് സത്യഗ്രഹം. കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നിലാണ് ഹര്‍ഷിനയുടെ സമരം. മന്ത്രിയും ആരോഗ്യവകുപ്പും നല്‍കിയ ഉറപ്പ് പാലിക്കാതെ അന്വേഷണം വൈകിപ്പിക്കുന്നുവെന്നാണ് ഹര്‍ഷിനയുടെ ആരോപണം.
2017ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന സിസേറിയനിടെയാണ് കത്രിക മറുന്നുവച്ചതെന്നാണ് ഹര്‍ഷിന ആരോപിക്കുന്നത്. വിഷയത്തില്‍ ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് നല്‍കാതെ അന്വേഷണം അവസാനിപ്പിച്ച് കത്രിക ഫോറന്‍സിക് പരിശോധനയ്ക്കയക്കുകയായിരുന്നു. ഫോറന്‍സിക് പരിശോധനാഫലവും വൈകിയതോടെയാണ് ഹര്‍ഷിന പരസ്യമായി സമരത്തിനിറങ്ങിയത്.
ഹര്‍ഷിനയുടെ മൂന്ന് സിസേറിയനുകളും സര്‍ക്കാര്‍ ആശുപത്രികളിലാണ് നടന്നത്. മറ്റൊരു പ്രധാന ശസ്ത്രക്രിയയും ഇതുവരെ നടന്നിട്ടുമില്ല. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് അംഗീകരിച്ച് തിരുത്തുകയും സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ ആശുപത്രികളുടെ വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ വേണ്ടി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നു ഹര്‍ഷിന ആവശ്യപ്പെടുന്നു.
ആദ്യത്തെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ ഹര്‍ഷിന പരസ്യമായി പ്രതികരിച്ചപ്പോഴാണ് റിപ്പോര്‍ട്ടില്‍ കൂടുതല്‍ വ്യക്തത വരുത്താനെന്ന് പറഞ്ഞ് ആരോഗ്യമന്ത്രി പുതിയ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ കത്രിക പുറത്തെടുത്ത് ആറ് മാസം കഴിഞ്ഞിട്ടും യാതൊരു നടപടിയുമില്ല. തനിക്ക് ആരോഗ്യവകുപ്പില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ഹര്‍ഷിന മാധ്യമങ്ങളോട് പറഞ്ഞു.