നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും; വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ സമരം അവസാനിപ്പിച്ച് ഹർഷിന
പ്രസവശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹര്‍ഷിന സമരം താത്ക്കാലികമായി അവസാനിപ്പിച്ചു. കേസിൽ ഡോക്ടർമാരെയും നാല് ആരോഗ്യപ്രവർത്തകരെയും പ്രതിചേർത്ത് പോലീസ് പ്രതിപട്ടിക പുതുക്കിയ സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചത്. സംഭവത്തിൽ നീതി തേടി 103 ദിവസമായി നടത്തുന്ന സത്യഗ്രഹമാണ് താത്ക്കാലികമായി അവസാനിച്ചത്. തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും നിയമ നടപടികളുമായി മുന്‍പോട്ട് പോകുമെന്നും ഹർഷിന പറഞ്ഞു.
ഹര്‍ഷിനയുടെ പ്രസവശസ്ത്രക്രിയ നടത്തിയ സംഘത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍, ജൂനിയര്‍ റസിഡന്റ് രണ്ട് നഴ്സുമാര്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുൾപ്പെട്ടത്
കേസുമായി ബന്ധപ്പെട്ട് മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗം അസി. പ്രൊഫസർ ഡോ. സി കെ രമേശൻ (42), കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. എം ഷഹന (32). മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സുമാരായ എം രഹന (33), കെ ജി മഞ്ജു (43) എന്നിവരെ പ്രതി ചേര്‍ത്താണ് പോലീസ് പട്ടിക പുതുക്കിയത്. 2017 നവംബര്‍ 30ന് ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവശസ്ത്രക്രിയ നടത്തിയ സംഘത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍, ജൂനിയര്‍ റസിഡന്റ് രണ്ട് നഴ്സുമാര്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുൾപ്പെട്ടത്.
ഹര്‍ഷിന നല്‍കിയ പരാതിയെ തുടര്‍ന്ന് മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ച് മാസം കൊണ്ടാണ് പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയത്. നേരത്തെ പോലീസ് നടത്തിയ അന്വേഷണത്തില്‍ വയറ്റിലെ കത്രിക മെഡിക്കല്‍ കോളേജിലേത് തന്നെയാണെന്ന് കണ്ടെത്തിയെങ്കിലും ഈ റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് തള്ളിയിരുന്നു. അതേ സമയം കൂടുതല്‍ അന്വേഷണം നടത്തിയ പോലീസ് നടപടിക്രമങ്ങളില്‍ നിയമോപദേശം തേടിയതിന് ശേഷമാണ് പ്രതി പട്ടിക കുന്നമംഗലം കോടതിയിൽ സമർപ്പിച്ചത്.