എംടി വാസുദേവൻ നായർ കുടുംബത്തോടൊപ്പം കൊടിക്കുന്നിൽ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തുന്നു
എംടി വാസുദേവൻ നായർ കുടുംബത്തോടൊപ്പം കൊടിക്കുന്നിൽ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തുന്നു

ആ ദര്‍ശനം പ്രായശ്ചിത്തമല്ല, എം ടി പോയത് കൊടിക്കുന്നില്‍ അമ്പലത്തില്‍; നിര്‍മാല്യത്തിലെ 'ക്ഷേത്രം' സെറ്റ്‌

നിർമാല്യം സിനിമയുടെ ഏറെ ചർച്ച ചെയ്യപ്പെട്ട ക്ലൈമാക്സ് രംഗം ചിത്രീകരിച്ചത് യഥാർത്ഥ അമ്പലത്തിലല്ല, സെറ്റിട്ടാണ്. ശ്രീകോവിലിന്റെ വാതിലും വിഗ്രഹവും അതേ അളവിൽ സൃഷ്ടിച്ചെടുക്കുകയായിരുന്നു എസ് കൊന്നനാട്ട്
Updated on
1 min read

വിവാഹം കഴിഞ്ഞ് ആദ്യം ഭാര്യാസമേതം തൊഴുത അമ്പലമാണത്, കൊടിക്കുന്നിൽ ഭഗവതി ക്ഷേത്രം. പള്ളിപ്പുറം പരുതൂരിലെ ലതയുടെ തറവാട്ടിൽനിന്ന് വയൽവരമ്പിലൂടെ നടന്നെത്താം അവിടെ. അധികം തിരക്കില്ല. പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന, പ്രശാന്തസുന്ദരമായ അന്തരീക്ഷം.

കൊടിക്കുന്നിൽ അമ്പലത്തിന്റെ ശ്രീകോവിലിന് മുന്നിൽ തൊഴുതുനിൽക്കുന്ന എം ടിയുടെയും കുടുംബത്തിന്റെയും ഫോട്ടോ ഈയിടെ വാട്ട്സാപ്പിൽ അയച്ചുകിട്ടിയപ്പോൾ കൗതുകം തോന്നി. എം ടിയുടെ പരദേവതയാണ് കൊടിക്കുന്നിലമ്മ. ഭഗവതിയോടുള്ള അടുപ്പത്തെക്കുറിച്ച് പലയിടങ്ങളിലും അദ്ദേഹം എഴുതി വായിച്ചിട്ടുമുണ്ട്. അതുകൊണ്ടു തന്നെ ആ പടത്തിനൊപ്പം ഏതോ 'ചരിത്ര ഗവേഷകൻ' കുറിച്ച വരികൾ വായിച്ചപ്പോൾ ഒരേസമയം അത്ഭുതവും വേദനയും വന്നു. സമൂഹമാധ്യമങ്ങളിൽ ചരിത്രം എങ്ങനെയൊക്കെ വളച്ചൊടിക്കപ്പെടുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു ആ വിശദീകരണം.

എംടി വാസുദേവൻ നായർ കുടുംബത്തോടൊപ്പം കൊടിക്കുന്നിൽ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തുന്നു
എംടി എന്ന അനുഭവം

"ഇത് ദേവിയുടെ മായ. സമസ്ത അപരാധങ്ങളും പൊറുക്കണേയെന്ന് പറഞ്ഞുകൊണ്ട് ദേവിയുടെ മുന്നിൽ പത്നീസമേതനായി നിറകണ്ണുകളോടെ നിൽക്കുന്ന ആളിനെ നിങ്ങൾ അറിയും. എം ടി വാസുദേവൻ നായർ," കുറിപ്പ് തുടങ്ങുന്നത് അങ്ങനെയാണ്.

"ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ ദേവിയുടെ ആചാരങ്ങളെ കാർക്കിച്ച് തുപ്പിയ ആളാണ് ഇദ്ദേഹം. ഏത് ദേവി ? ഇദ്ദേഹം കരഞ്ഞ് കുമ്പിട്ട് തൊഴുതുനിൽക്കുന്ന അതേ ദേവി. 'നിർമാല്യം' സിനിമ നിങ്ങൾ കണ്ടു കാണും. ഇദ്ദേഹം എഴുതിയ 'പള്ളിവാളും കാൽച്ചിലമ്പും' എന്ന കഥയുടെ ചലച്ചിത്ര ആവിഷ്കാരമാണ് ഈ ചലച്ചിത്രം. കഥാന്ത്യം ദേവിയുടെ വിഗ്രഹത്തിനു മുമ്പിൽ കാർക്കിച്ച്. ഏത് ഭഗവതി? 'ചെറുകുന്നു ഭഗവതി' സിനിമ ചിത്രീകരിച്ചത് എവിടെ വച്ച്? ചെറുകുന്നു ഭഗവതിയുടെ മുന്നിൽ വച്ച്," കുറിപ്പ് തുടരുന്നു.

എംടി വാസുദേവൻ നായർ കുടുംബത്തോടൊപ്പം കൊടിക്കുന്നിൽ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തുന്നു
നമ്മുടെ രണ്ട് വാസുദേവന്മാർ

"വർഷങ്ങൾ കഴിഞ്ഞു; തലയിൽ വെളിച്ചം വീഴാൻ സത്യം തിരിച്ചറിയാൻ 90 വയസ്സ് വേണ്ടി വന്നു. ബഹുമാനപ്പെട്ട എം ടി സാർ... കർമം എന്നൊന്ന് ഉണ്ട്... ലക്ഷക്കണക്കിന് സനാതന ധർമ്മികളെ വഴിതെറ്റിച്ചതിന് അങ്ങ് അടുത്ത ജന്മത്തിലെങ്കിലും അനുഭവിക്കും..." ശാപവാക്കുകളോടെയാണ് കുറിപ്പിന്റെ പരിസമാപ്തി.

കൊടിക്കുന്നിലമ്മയെ ചെറുകുന്നിൽ ഭഗവതിയാക്കിയത് പോകട്ടെ. ബാക്കിയുള്ള "വെളിപ്പെടുത്തലുകൾ" അതിലും കഠിനം. നിർമാല്യം സിനിമയുടെ ചിത്രീകരണത്തെക്കുറിച്ച് എം ടി തന്നെ എഴുതിയ വിവരങ്ങൾ ഓർമയിലുണ്ട്. അതുകൊണ്ടുതന്നെ ഇതിൽ പറഞ്ഞ കാര്യങ്ങളിൽ എത്രത്തോളം വസ്തുത ഉണ്ടെന്ന് അറിയാൻ ആഗ്രഹമുണ്ടായിരുന്നു.

എംടി വാസുദേവൻ നായർ കുടുംബത്തോടൊപ്പം കൊടിക്കുന്നിൽ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തുന്നു
ഈ സ്നേഹം എന്റെ സുകൃതം

മകൾ അശ്വതി വഴി എം ടിയുമായി ബന്ധപ്പെട്ടപ്പോൾ ലഭിച്ച വിവരങ്ങൾ ഇങ്ങനെ: മൂക്കുതലയിലെ താഴെക്കാവ് അമ്പലത്തിലും പരിസരത്തുമായിരുന്നു നിർമാല്യത്തിന്റെ ചിത്രീകരണം. സിനിമയുടെ ഏറെ ചർച്ച ചെയ്യപ്പെട്ട ക്ലൈമാക്സ് രംഗം ചിത്രീകരിച്ചത് യഥാർത്ഥ അമ്പലത്തിലല്ല; സെറ്റിട്ടാണ്. ശ്രീകോവിലിന്റെ വാതിലും വിഗ്രഹവും അതേ അളവിൽ സൃഷ്ടിച്ചെടുക്കുകയായിരുന്നു എസ് കൊന്നനാട്ട്. പേപ്പർപൾപ്പ് ഉപയോഗിച്ച് ഉണ്ടാക്കിയ ആ വിഗ്രഹം അടുത്ത കാലം വരെ വീട്ടിൽ ഉണ്ടായിരുന്നുവെന്ന് അശ്വതി.

ഭാവനയിൽ കഥ മെനഞ്ഞു വായുവിൽ പറത്തി വിടുന്നവരോട് കൊടിക്കുന്നിൽ ഭഗവതി പൊറുക്കട്ടെ. അല്ലാതെന്തു പറയാൻ?

എംടി വാസുദേവൻ നായർ കുടുംബത്തോടൊപ്പം കൊടിക്കുന്നിൽ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തുന്നു
അച്ഛന്‍ പകർന്നുനല്‍കിയ അമൂല്യപാഠങ്ങള്‍
logo
The Fourth
www.thefourthnews.in