'ഫാസിസത്തെ അതേ നാണയത്തില്‍ നേരിടണമെന്ന് ധരിക്കുന്നവർ മൂഢസ്വർഗത്തിൽ'; വിദ്വേഷ മുദ്രാവാക്യ വിവാദത്തിൽ സാദിഖലി തങ്ങൾ

'ഫാസിസത്തെ അതേ നാണയത്തില്‍ നേരിടണമെന്ന് ധരിക്കുന്നവർ മൂഢസ്വർഗത്തിൽ'; വിദ്വേഷ മുദ്രാവാക്യ വിവാദത്തിൽ സാദിഖലി തങ്ങൾ

'മറ്റൊരാളുടെ വിശ്വാസത്തെയോ വികാരങ്ങളെയോ വ്രണപ്പെടുത്താൻ ആര്‍ക്കും അധികാരമില്ല'
Updated on
2 min read

മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത മണിപ്പുർ ഐക്യദാർഢ്യ ദിനാചരണ ചടങ്ങില്‍ വിദ്വേഷപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ അതൃപ്തി വ്യക്തമാക്കി മുസ്ലീം ലീഗ് നേതൃത്വം. ഫാസിസത്തെ നേരിടേണ്ടത് അതേ നാണയത്തിലാണെന്ന് ധരിച്ചവർ മൂഢസ്വർഗ്ഗത്തിലാണ്. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു പ്രതികരണം.

വ്യക്തി എന്ന നിലയിലും സാമൂഹ്യ പ്രവർത്തകർ എന്ന നിലക്കും ഓരോരുത്തർക്കും ഉത്തരവാദിത്തങ്ങളുണ്ട്. മറ്റൊരാളുടെ വിശ്വാസത്തെയോ വികാരങ്ങളെയോ വ്രണപ്പെടുത്താൻ ആര്‍ക്കും അധികാരമില്ല. സാമൂഹിക സഹവർത്തിത്വമാണ് വളർച്ചയുടെയും വികസനത്തിന്റെയും ആണിക്കല്ല്. അതില്ലാതാകുമ്പോൾ എല്ലാവർക്കും നഷ്ടം സംഭവിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. എത്ര പ്രകോപനമുണ്ടെങ്കിലും അവിവേകത്തിന്റെയോ അതിവൈകാരികതയുടെയോ പാത തെരഞ്ഞെടുത്തിട്ടില്ല എന്നതാണ് മുസ്ലീം ലീഗിന്റെ പാരമ്പര്യ സാദിഖലി ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

'ഫാസിസത്തെ അതേ നാണയത്തില്‍ നേരിടണമെന്ന് ധരിക്കുന്നവർ മൂഢസ്വർഗത്തിൽ'; വിദ്വേഷ മുദ്രാവാക്യ വിവാദത്തിൽ സാദിഖലി തങ്ങൾ
യൂത്ത് ലീഗ് മണിപ്പൂർ ഐക്യദാർഢ്യ പ്രകടനത്തിൽ വിദ്വേഷ മുദ്രാവാക്യം; മുന്നൂറോളം പേർക്കെതിരെ കേസ്, പ്രവർത്തകനെ പുറത്താക്കി

ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം-

നമുക്കൊരു സംസ്‌കാരമുണ്ട്. വ്യക്തിത്വമുണ്ട്. അഭിമാനകരമായ ചരിത്രവും പാരമ്പര്യവുമുണ്ട്. എത്ര പ്രകോപനമുണ്ടെങ്കിലും അവിവേകത്തിന്റെയോ അതിവൈകാരികതയുടെയോ പാത നാം തെരഞ്ഞെടുത്തിട്ടില്ല. അത് ശരിയുമല്ല.

ഒരു വ്യക്തി എന്ന നിലയിലും സാമൂഹ്യ പ്രവർത്തകർ എന്ന നിലക്കും ഓരോരുത്തർക്കും ഉത്തരവാദിത്തങ്ങളുണ്ട്. മറ്റൊരാളുടെ വിശ്വാസത്തെയോ വികാരങ്ങളെയോ വ്രണപ്പെടുത്താൻ നമുക്ക് അധികാരമില്ല. സാമൂഹിക സഹവർത്തിത്വമാണ് വളർച്ചയുടെയും വികസനത്തിന്റെയും ആണിക്കല്ല്. അതില്ലാതാകുമ്പോൾ എല്ലാവർക്കും നഷ്ടം സംഭവിക്കും.

വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ ആരെയും ദ്രോഹിക്കാതിരിക്കുക എന്നത് നമ്മുടെ സ്വഭാവത്തിന്റെ പ്രത്യേകതയാവണം. വാക്കിലും പ്രവർത്തിയിലും അടുക്കും ചിട്ടയും വേണം. സംഘടനാ പ്രവർത്തകർ പ്രസ്ഥാനത്തിന്റെ ചരിത്രവും ആശയവും ഉൾക്കൊള്ളണം. പ്രവർത്തികളിൽ അത് തെളിഞ്ഞു കാണണം. നേതൃത്വത്തെ അനുസരിക്കണം. വ്യക്തിത്വം പുലർത്തണം.

ഫാസിസത്തെ നേരിടേണ്ടത് അതേ നാണയത്തിലാണെന്ന് ധരിച്ചവർ മൂഢസ്വർഗ്ഗത്തിലാണ്. സാമ്രാജ്യത്വ ഹിംസയെ അഹിംസ കൊണ്ട് നേരിട്ട് തോൽപിച്ച മഹാത്മാഗാന്ധിയുടെ മണ്ണാണിത്. വിദ്വേഷത്തിന്റെ വിഷച്ചെടികൾ കേരളത്തിന്റെ മണ്ണിൽ വളരാത്തതിന് കാരണം നമ്മുടെ സ്‌നേഹവും സഹവർത്തിത്വവുമാണ്. എന്ന് അതില്ലാതാകുന്നോ അന്ന് നാം വലിയ അപകടങ്ങളിലേക്ക് കൂപ്പുകുത്തും.

ഏഴരപ്പതിറ്റാണ്ട് കാലത്തെ മുസ്‌ലിംലീഗിന്റെ ചരിത്രം ആർക്കും മറിച്ചുനോക്കാവുന്ന തുറന്ന പുസ്തകമാണ്. രാജ്യത്തെ ഏതൊരാൾക്കും അതെടുത്ത് വായിക്കാം. അതിൽ ദുരൂഹതകളില്ല. ദുർഗ്രാഹ്യതകളില്ല. മുസ്‌ലിംലീഗിന്റെ ആശയം സുതാര്യവും ലളിതവുമാണെന്ന കാര്യം ആരെയും ബോധ്യപ്പെടുത്തേണ്ട ഒന്നല്ല. മതേതര ഇന്ത്യയിലെ ചരിത്രബോധമുള്ള ഏവർക്കും അറിവുള്ള ഒന്നാണ്. ആ നയം നാം അഭംഗുരം തുടരുക തന്നെ ചെയ്യും.

സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ

പാണക്കാട്

കാഞ്ഞങ്ങാട്ടെ സംഭവത്തില്‍ മുസ്ലീം ലീഗിന് എതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. മുസ്ലീം ലീഗിന്റെ വര്‍ഗീയ നിലപാടുകളാണ് മുദ്രാവാക്യങ്ങളിലൂടെ പുറത്ത് വന്നത് എന്നായിരുന്നു പ്രധാന വിമര്‍ശനം. വിഷയം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കും വഴി വച്ചിരുന്നു. പിന്നാലെയാണ് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ തന്ന പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ചെന്ന കേസില്‍ എട്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. 17 വയസുകാരന്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. മതവികാരം വ്രണപ്പെടുത്തൽ, അന്യായമായി സംഘംചേരൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്.

logo
The Fourth
www.thefourthnews.in