കൊച്ചിയില്‍ കുട്ടി കാനയില്‍ വീണ സംഭവം; കോര്‍പ്പറേഷനോട് വിശദാംശങ്ങള്‍ തേടി ഹൈക്കോടതി
കൊച്ചി പനമ്പിള്ളി നഗറില്‍ സ്ലാബില്ലാത്ത കാനയില്‍ വീണ് മൂന്ന് വയസ്സുകാരന് പരുക്കേറ്റ സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍. സംഭവത്തില്‍ കോര്‍പ്പറേഷനോട് ഹൈക്കോടതി വിശദാംശങ്ങള്‍ തേടി. ജ.ദേവന്‍ രാമചന്ദ്രനാണ് വിഷയത്തില്‍ ഇടപെട്ടത്.
ഇന്നലെ രാത്രി എട്ടരയോടെയാണ് കടവന്ത്രയില്‍ നിന്ന് പനമ്പിള്ളി നഗറിലുള്ള വീട്ടിലേക്ക് മടങ്ങവേ കുട്ടി കാനയിലേക്ക് വീണത്. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന മൂന്ന് വയസ്സുകാരന്‍ കാല് തെറ്റി വീഴുകയായിരുന്നു. ഒഴുകി പോകാന്‍ തുടങ്ങിയ കുഞ്ഞിനെ അമ്മ കാലു കൊണ്ട് തടഞ്ഞു നിര്‍ത്തിയതിനാലാണ് അപകടമൊഴിവായത്. അമ്മ ആതിരയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഓടയില്‍ നിന്ന് കുട്ടിയെ പുറത്തെടുത്തത്.
സ്ലാബില്ലാത്ത കാന മൂടണമെന്ന് പരിസരവാസികളും കൗണ്‍സിലറും അടക്കം നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ നടപടികള്‍ സ്വീകരിച്ചില്ല എന്നാണ് ആരോപണം. ഇനി ആര്‍ക്കും ഈ അവസ്ഥ ഉണ്ടാകാന്‍ പാടില്ലെന്നും, വേണ്ട നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു
അപകടം സംഭവിച്ചത് എവിടെയാണെന്ന് അറിയില്ലെന്നും വിഷയത്തെക്കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്നും കൊച്ചി മേയര്‍ എം അനില്‍കുമാര്‍ വ്യക്തമാക്കി. ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.