ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക: ശബരിമല അരവണ വിതരണം തടഞ്ഞ് ഹൈക്കോടതി

ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക: ശബരിമല അരവണ വിതരണം തടഞ്ഞ് ഹൈക്കോടതി

അനുവദനീയമായ പരിധിയിൽ കൂടുതലാണ് കീടനാശിനിയുടെ സാന്നിധ്യമെന്നതിനാൽ ഏലയ്ക്ക ഭക്ഷ്യ യോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു
Updated on
1 min read

കീടനാശിനി കലര്‍ന്ന ഏലയ്ക്ക ഉപയോഗിച്ച് നിര്‍മിച്ചതെന്ന് കണ്ടെത്തിയ അരവണ വില്‍ക്കുന്നതിന് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി. പുതിയ അരവണ ഉണ്ടാക്കുമ്പോള്‍ കീടനാശിനി ഇല്ലാത്ത ഏലയ്ക്കയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്തണം. സന്നിധാനത്തെ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥന്‍ ഇക്കാര്യം ഉറപ്പ് വരുത്തണമെന്നാണ് ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. തിരുവനന്തപുരം സര്‍ക്കാര്‍ ലാബില്‍ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കണം. ഗുണനിലവാരമില്ലാത്ത ഏലയ്ക്ക ചേര്‍ത്ത അരവണ പ്രസാദത്തിന്റെ സാമ്പിള്‍ പരിശോധിക്കാനും കോടതി ഉത്തരവിട്ടു.

ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ചേര്‍ന്ന അരവണ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം

ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ചേര്‍ന്ന അരവണ ഉപയോഗിക്കുന്നില്ലെന്ന് സന്നിധാനത്തെ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ഉറപ്പുവരുത്തണം. ഭക്ഷ്യയോഗ്യമായ ഏലയ്ക്ക ഉപയോഗിച്ചോ അല്ലാതെയോ ദേവസ്വം ബോര്‍ഡിന് അരവണ നിര്‍മിക്കാം. ഇക്കാര്യത്തില്‍ സ്‌പൈസസ് ബോര്‍ഡുമായി കൂടിയാലോചന നടത്താമെന്നും കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം വിഷയം ഹൈക്കോടതി ദേവസ്വം ബെഞ്ച് വീണ്ടും പരിഗണിക്കും.

ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക: ശബരിമല അരവണ വിതരണം തടഞ്ഞ് ഹൈക്കോടതി
ശബരിമല അരവണ; ഏലയ്ക്കയില്‍ 14 കീടനാശിനികളുടെ അമിത സാന്നിധ്യം

ഏലയ്ക്കയുടെ ഗുണ നിലവാരം ഗവ.അനലറ്റിക്കല്‍ ലാബില്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുൻപ് ശബരിമലയിലേക്ക് ഏലയ്ക്ക നല്‍കിയിരുന്ന അയ്യപ്പ സ്‌പൈസസ് കമ്പനി ഉടമ എസ് പ്രകാശ് നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ഇവ പരിശോധിക്കാന്‍ നിര്‍ദേശിച്ചിരുന്നു. സാമ്പിള്‍ തിരുവനന്തപുരത്തെ അനലിറ്റിക്കല്‍ ലാബില്‍ പരിശോധന നടത്തിപ്പോള്‍ ഏലയ്ക്കയില്‍ സുരക്ഷിതമല്ലാത്ത വിധം കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെയും കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയെയും സ്വമേധയാ കക്ഷി ചേര്‍ത്ത കോടതി കൊച്ചിയിലെ ലാബില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. അരവണ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഏലയ്ക്കയില്‍ 14 കീടനാശിനികളുടെ അമിത സാന്നിധ്യമെന്ന് കണ്ടെത്തി ഭക്ഷ്യ സുരക്ഷാ അതോറിറ്റി റിപ്പോർട്ട് സമർപ്പിച്ചു. അനുവദനീയമായ പരിധിയിൽ കൂടുതലാണ് കീടനാശിനിയുടെ സാന്നിധ്യമെന്നതിനാൽ ഏലയ്ക്ക ഭക്ഷ്യ യോഗ്യമല്ലെന്നായിരുന്നു റിപ്പോർട്ട്.

logo
The Fourth
www.thefourthnews.in