വന്യമൃഗ ആക്രമണം: അഡീ. ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിക്കണമെന്ന് ഹൈക്കോടതി
വയനാട്ടിലെ ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങളിറങ്ങുന്നത് നേരിടാൻ കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ അഡീ. ചീഫ് സെക്രട്ടറിമാരുടെ സംയുക്ത യോഗം ചേരണമെന്ന് ഹൈക്കോടതി. വയനാട് മാനന്തവാടിയിൽ വീട്ടുമുറ്റത്ത് കയറി കാട്ടാന ഗൃഹനാഥനെ കൊലപ്പെടുത്തിയ സംഭവമടക്കം പരിഗണിച്ചാണ് ഉത്തരവ്. തിരുവനന്തപുരത്ത് 'ബ്രൂണോ' എന്ന നായയെ അടിച്ചുകൊന്നതുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
കഴിഞ്ഞ ദിവസം ജനവാസ മേഖലയിലിറങ്ങിയ ആനയെ മയക്കുവെടി വെക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടെങ്കിലും കർണാടക വനാതിർത്തിയിലേക്ക് കടന്ന ആനയെ വെടിവെക്കാനായില്ല. ഇക്കാര്യത്തിലുള്ള നിയമപരമായ തടസമടക്കം മറികടക്കാൻ സംയുക്ത കർമ പദ്ധതി സഹായകരമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
വയനാട് കലക്ടർ, ജില്ല പോലീസ് മേധാവി, എ.ഡി.ജി.പി, അഡീ. ചീഫ് സെക്രട്ടറി, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് തുടങ്ങിയവര് ഓൺലൈൻ വഴി ഹാജരായി നിലവിലെ സ്ഥിതി വിശദീകരിച്ചു. കർണാടക, തമിഴ്നാട് വിഷയം നേരിടാൻ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ചേർന്നെന്നും സർക്കാർ വിശദീകരിച്ചു.
വയനാട്ടിൽ വന്യജീവികൾ കടക്കാതിരിക്കാൻ സ്വകാര്യ വ്യക്തികൾ ഉൾപ്പടെ വൈദ്യുതി വേലികളടക്കം സ്ഥാപിച്ചിരിക്കുന്നതിന്റെ വ്യക്തമായ വിവരം അറിയിക്കാനും വന്യജീവികൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകാനും ഫോറസ്റ്റ് കൺസർവേറ്റർക്ക് കോടതി നിർദേശം നൽകി.