''വ്യാജ ആരോപണം ബലാത്സംഗത്തേക്കാള്‍ ക്രൂരം''; എല്‍ദോസിനെതിരായ പരാതി സിനിമാക്കഥ പോലെയെന്ന് ഹൈക്കോടതി
എൽദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്കെതിരായ കേസിൽ ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയുള്ളതായിരുന്നോ എന്ന് ഹൈക്കോടതിയുടെ ചോദ്യം. പരാതി വായിക്കുമ്പോൾ ഉഭയസമ്മതപ്രകാരമുളള ലൈംഗിക ബന്ധമാണ് നടന്നതെന്ന് വ്യക്തമല്ലേയെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ചോദിച്ചു. ആദ്യ പരാതിയിൽ ലൈംഗിക പീഡന ആരോപണം ഉള്‍പ്പെട്ടിരുന്നോയെന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. പരാതി വായിച്ചപ്പോൾ സിനിമാക്കഥ പോലെയാണ് തോന്നുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.
ബലാത്സംഗത്തെക്കാൾ ക്രൂരമാണ് വ്യാജ ആരോപണമെന്ന് കോടതി നിരീക്ഷിച്ചു. ഈ കേസിൽ വധശ്രമം എങ്ങനെ നിലനിൽക്കുമെന്നും കോടതി ചോദിച്ചു.
കേസിൽ പ്രതിയായ എംഎൽഎ സമൂഹത്തിന് മാതൃകയാകേണ്ട വ്യക്തിയാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. കേസ് ഒതുക്കി തീര്‍ക്കാന്‍ കോവളം എസ്ഐ ശ്രമിച്ചതായും പ്രോസിക്യൂഷന്‍ ആരോപിച്ചു.
എൽദോസ് കുന്നപ്പിള്ളിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള സർക്കാരിന്റെ അപ്പീല്‍ പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതി ചോദ്യങ്ങളുന്നയിച്ചത്. കേസില്‍ നാളെയും വാദം തുടരും