'മാലിന്യം വലിച്ചെറിയുന്ന വാഹനങ്ങൾ വിട്ടുകിട്ടണമെങ്കിൽ കോടതിയിൽ വരട്ടെ': ഹൈക്കോടതി

'മാലിന്യം വലിച്ചെറിയുന്ന വാഹനങ്ങൾ വിട്ടുകിട്ടണമെങ്കിൽ കോടതിയിൽ വരട്ടെ': ഹൈക്കോടതി

പിടിച്ചെടുക്കുന്ന വാഹനങ്ങൾക്കെതിരെ മലിനീകരണ നിയന്ത്രണ നിയമപ്രകാരം നടപടിയെടുക്കാനാകുമെന്ന് ഹൈക്കോടതി
Updated on
1 min read

മാലിന്യം വലിച്ചെറിയുന്ന കേസിൽ പിടികൂടുന്ന വാഹനങ്ങൾ ഹൈക്കോടതിയുടെ അറിവില്ലാതെ വിട്ടുനൽകരുതെന്ന് നിർദേശം. നിസാര തുക പിഴ ഈടാക്കി വിട്ട് നൽകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എസ് വി ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. പിടിച്ചെടുക്കുന്ന വാഹനങ്ങൾ 250 രൂപ പിഴ ഈടാക്കി വിട്ടുനൽകിയത് കൊച്ചി നഗരസഭാ സെക്രട്ടറിയും ജില്ലാ കളക്ടറും കോടതിയിൽ വിശദീകരിച്ചിരുന്നു. തുടർന്നാണ് 10 ലക്ഷം രൂപവരെ വിലയുള്ള വാഹനങ്ങൾ തുച്ഛമായ തുക ഈടാക്കി വിട്ടു നൽകുന്നത് ഉചിതമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.

പിടിച്ചെടുക്കുന്ന വാഹനങ്ങൾക്കെതിരെ മലിനീകരണ നിയന്ത്രണ നിയമപ്രകാരം നടപടിയെടുക്കാനാവുമെന്നും വ്യക്തമാക്കി. മുനിസിപ്പാലിറ്റി ആക്ടിൽ തന്നെ 10,000 രൂപ പിഴ ഈടാക്കാനുള്ള വ്യവസ്ഥയുണ്ട്. വാഹനങ്ങൾ വിട്ടുകിട്ടണമെന്നുള്ളവർ കോടതിയിൽ വരട്ടെയെന്നും കോടതി വാക്കാൽ പറഞ്ഞു. മാലിന്യ സംസ്കരണത്തിനു ഉചിതമായ ഉത്തരവുകൾ നൽകിയ കാസർകോട് ജില്ലാ കളക്ടറെ ഹൈക്കോടതി അഭിനന്ദിച്ചു. മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തിയ കൊച്ചി നഗരസഭയ്ക്ക് 100 കോടി രൂപ പിഴ ചുമത്തിയ ഹരിത ട്രൈബ്യൂണൽ ഉത്തരവിനുള്ള സ്റ്റേ ജൂൺ 30 വരെ നീട്ടി.

''മാലിന്യസംസ്കരണ പദ്ധതികൾ ആവിഷ്കരിച്ച് തയ്യാറാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സ്വാത്രന്ത്യമുണ്ട്. ഇതിൽ വീഴ്ച വരുത്തിയാൽ ഉത്തരവാദിത്വം ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമായിരിക്കും'' - തിരുവനന്തപുരം നഗരസഭ മാലിന്യ സംസ്കരണത്തിന് പുതിയ പദ്ധതി ആവിഷ്കരിച്ചതിനെ പറ്റി വിശദീകരിച്ചപ്പോള്‍ ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഹർജിയിൽ പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎയടക്കമുള്ളവർ കക്ഷി ചേർന്നു.

കൊച്ചി നഗരത്തിലെ മാലിന്യസംസ്കരണ നടപടികളിൽ അനിശ്ചിതാവസ്ഥ തുടരുന്നതിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ബ്രഹ്മപുരം പ്ലാന്റിന് തീപിടിച്ചതിനെത്തുടർന്ന് സ്വമേധയാ പരിഗണിക്കുന്ന ഹർജിയിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എസ് വി ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചത്. ബ്രഹ്മപുരം പ്ലാന്റിന്റെ കാര്യത്തിൽ വ്യക്തമായ തീരുമാനം ഇനിയുമെടുക്കാത്തതിലുള്ള അതൃപ്തി തദ്ദേശഭരണ വകുപ്പ് അഡി. ചീഫ് സെക്രട്ടറിയടക്കമുള്ളവരോടാണ് ഹൈക്കോടതി പ്രകടിപ്പിച്ചത്.

logo
The Fourth
www.thefourthnews.in