പി വി അന്‍വറിന്റെ പാര്‍ക്കിന് ലൈസന്‍സ് നല്‍കിയതില്‍ വ്യക്തത തേടി ഹൈക്കോടതി; പഞ്ചായത്ത് സത്യവാങ്മൂലം സമര്‍പ്പിക്കണം
പി വി അൻവർ എം എൽ എയുടെ കക്കാടംപൊയിലിലെ പി വി ആര്‍ നേച്ചർ പാർക്കിന് പ്രവർത്തിക്കാനുള്ള ലൈസൻസിൽ വ്യക്തത തേടി ഹൈക്കോടതി. പഞ്ചായത്ത് നൽകിയ ലൈസൻസിന്ർറെ സ്വഭാവമെന്താണെന്നും പാര്‍ക്കിലെ പ്രവര്‍ത്തനം എന്തെന്ന് വ്യക്തമാക്കണമെന്നും ജസ്റ്റിസ് വിജു എബ്രാഹം നിർദേശിച്ചു.
കൂടരഞ്ഞി പഞ്ചായത്തും പി വി അന്‍വറും സത്യവാങ്മൂലം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. എന്തിനാണ് ലൈസൻസ് നൽകിയതെന്നും കൃത്യമായ പരിശോധന നടത്തിയ ശേഷം ലൈസന്‍സ് നല്‍കിയാല്‍ പോരേയെന്നും കോടതി ചോദിച്ചു. ലൈസൻസ് നൽകിയെങ്കിലും റൈഡുകളും പൂളുകളും ഉപയോഗിക്കാന്‍ അനുമതിയില്ലെന്ന് സര്‍ക്കാര്‍ വ്യക്താക്കി.
പഞ്ചായത്തിന്‍റെ ലൈസൻസില്ലാതെയാണ് പാർക്ക് പ്രവർത്തിക്കുന്നതെന്ന വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിൽ ഇക്കാര്യം അറിയിക്കാൻ പഞ്ചായത്തിന് കഴിഞ്ഞ ദിവസം കോടതി നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് ഇന്ന് പഞ്ചായത്ത് ലൈസൻസ് നൽകിയതായി അറിയിച്ചത്.
ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് അടച്ച് പൂട്ടിയ പി വി ആർ നേച്വർ ഒ പാർക്ക് പഠനം നടത്താതെ തുറക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും അനധികൃത നിർമാണങ്ങൾ പൊളിച്ചു നീക്കണമെന്നും ആവശ്യപ്പെട്ട് കേരള നദീ സംരക്ഷണ സമിതി മുൻ ജനറൽ സെക്രട്ടറി ടി.വി. രാജൻ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ദുരന്ത നിവാരണ നിയമ പ്രകാരം കോഴിക്കോട് കലക്ടറാണ് പാർക്ക് അടച്ചുപൂട്ടാൻ 2018ൽ ഉത്തരവിട്ടത്. എന്നാൽ, എം.എൽ.എയുടെ രാഷ്ട്രീയ സ്വാധീനത്താൽ പാർക്ക് തുറന്നു നൽകാൻ 2023 ഓഗസ്റ്റ് 21ന് ദുരന്ത നിവാരണ വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടത് നിയമ വിരുദ്ധമാണെന്നാണ് ഹർജിയിലെ ആരോപണം. ടിക്കറ്റ് വെച്ചാണ് സന്ദർശകരെ പാർക്കിൽ കയറ്റുന്നതെന്നും ഹരജിക്കാരൻ ആരോപിച്ചു. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.