പി വി അന്‍വറിന്റെ കൈവശമുള്ള മിച്ചഭൂമി തിരിച്ചുപിടിക്കല്‍: വിശദീകരണത്തിന് കൂടുതല്‍ സമയം നൽകാനാകില്ലെന്ന് ഹൈക്കോടതി

പി വി അന്‍വറിന്റെ കൈവശമുള്ള മിച്ചഭൂമി തിരിച്ചുപിടിക്കല്‍: വിശദീകരണത്തിന് കൂടുതല്‍ സമയം നൽകാനാകില്ലെന്ന് ഹൈക്കോടതി

അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് രാജ വിജയരാഘവന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി
Updated on
1 min read

പി വി അൻവർ എംഎൽഎയുടെ മിച്ചഭൂമി തിരിച്ചുപിടിക്കലുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ കൂടുതൽ സമയം വേണമെന്ന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നൽകണമന്ന് ജസ്റ്റിസ് രാജവിജയരാഘവൻ സർക്കാരിന് നിർദേശം നൽകി. ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് പി വി അന്‍വറും കുടുംബാംഗങ്ങളും കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി, തിരിച്ചുപിടിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹര്‍ജിയില്‍ വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം.

പി വി അന്‍വര്‍ എംഎല്‍എയുടെയും കുടുംബാംഗങ്ങളുടെയും കൈവശമുള്ള മിച്ചഭൂമി ആറു മാസത്തിനുള്ളില്‍ തിരിച്ചു പിടിക്കാന്‍ ഹൈക്കോടതി 2020 മാര്‍ച്ച് 20 ന് ഉത്തരവിട്ടിരുന്നു

കഴിഞ്ഞയാഴ്ച ഹര്‍ജി പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇന്ന് ഹര്‍ജി വീണ്ടും പരിഗണനയ്ക്ക് വന്നപ്പോള്‍ കൂടുതല്‍ സമയം സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.

പി വി അന്‍വര്‍ എംഎല്‍എയുടെയും കുടുംബാംഗങ്ങളുടെയും കൈവശമുള്ള മിച്ചഭൂമി ആറുമാസത്തിനുള്ളില്‍ തിരിച്ചു പിടിക്കാന്‍ ഹൈക്കോടതി 2020 മാര്‍ച്ച് 20നാണ് ഉത്തരവിട്ടത്. ഇത് നടപ്പാക്കാതെ വന്നതോടെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ എംഎല്‍എയും കുടുംബവും കൈവശംവയ്ക്കുന്ന പരിധിയില്‍ കവിഞ്ഞ ഭൂമി അഞ്ചുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന് 2022 ജനുവരി 13ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിലും നടപടിയാകാത്തതിനെ തുടര്‍ന്നാണ് കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയത്.

മലപ്പുറം, കോഴിക്കോട് കളക്ടര്‍മാര്‍ 2017ല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പി വി അന്‍വറും കുടുംബവും പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വയ്ക്കുന്നതായി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം അന്‍വറിനതിരെ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ 2017 ജൂലൈ 19ന് സംസ്ഥാന ലാൻഡ് ബോര്‍ഡ്, താമരശേരി താലൂക്ക് ലാൻഡ് ബോര്‍ഡ് ചെയര്‍മാന് നിർദേശം നൽകിയത്.

logo
The Fourth
www.thefourthnews.in