സിറോ മലബാര്‍ സഭ ഭൂമി ഇടപാട്; ജാമ്യമെടുക്കാന്‍ ആലഞ്ചേരി നേരിട്ട് ഹാജരാകണോ? ഹൈക്കോടതി വിധി ഇന്ന്
സിറോ മലബാർ സഭ ഭൂമി ഇടപാട് കേസിൽ ജാമ്യമെടുക്കാൻ കർദിനാൾ ജോർജ് ആലഞ്ചേരി നേരിട്ട് ഹാജരാകണമെന്ന മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ, ഹൈക്കോടതി ഇന്ന് വിധി പറയും. കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് കർദിനാൾ സമർപ്പിച്ച ഹര്‍ജിയിൽ നേരെത്ത കോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു. ജസ്റ്റിസ് എ എ സിയാദ് റഹ്മാനാണ് ഹര്‍ജി പരിഗണിച്ചിരുന്നത്.
ഭൂമി ഇടപാടുകളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ജോഷി വർഗീസ് നൽകിയ കേസിലാണ് നേരിട്ട് ഹാജരാകണമെന്ന മജിസ്ട്രേറ്റ് കോടതി ഉത്തരവുണ്ടായത്. ഉത്തരവിൽ ഇളവ് തേടി മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയെങ്കിലും അനുവദിച്ചില്ല. ജാമ്യമെടുക്കാനാണെങ്കിലും അഭിഭാഷകൻ മുഖേന ഹാജരാകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
കേസിൽ കഴിഞ്ഞ ജൂലൈ ഒന്നിന് ഹാജരാകാനാണ് കര്‍ദ്ദിനാളിന് മജിസ്ട്രേറ്റ് കോടതി നിർദേശം നൽകിയിരുന്നത്. കേസിൽ കർദിനാൾ വിചാരണ നേരിടണമെന്ന എറണാകുളം സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതിയും ശരിവെച്ചിരുന്നു. മതപരമായ ചുമതലയും പദവിയും വഹിക്കുന്ന തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കി അഭിഭാഷകൻ മുഖേന ഹാജരാകാൻ അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.