കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

സ്വകാര്യത ഐസക്കിന്റെ അവകാശം, സ്വത്ത് വിവരങ്ങള്‍ ആദ്യം തന്നെ ആവശ്യപ്പെട്ടത് എന്തുകൊണ്ട്? -ഇ ഡിയോട് ഹൈക്കോടതി

തോമസ് ഐസക് ഇപ്പോള്‍ പ്രതിയല്ല, സാക്ഷിയെന്ന് ഇ ഡി
Updated on
1 min read

കിഫ്ബി മസാല ബോണ്ട് കേസിലെ എൻഫോഴ്സ്മെന്റ് നടപടികളില്‍ തോമസ് ഐസക്കിന് ആശ്വാസം. ഐസക്കിന്റെ സ്വത്ത് സംബന്ധിച്ച വിശദാംശങ്ങൾ ആദ്യഘട്ടത്തിൽ തന്നെ ഹാജരാക്കാൻ ആവശ്യപ്പെട്ടത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്ന് ഇ ഡിക്ക് ഹൈക്കോടതി നിർദേശം നൽകി. ഐസക് പ്രതിയോ സംശയത്തിന്റെ നിഴലിലോ ഒന്നുമല്ലാതിരിക്കെ ഇ ഡി എന്തുകൊണ്ടാണ് അത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും കോടതി ചോദിച്ചു. ഇ ഡി സമൻസിനെതിരായ ഐസക്കിന്റെ ഹർജി പരി​ഗണിക്കവെയായിരുന്നു കോടതി ഇടപെടല്‍.

തോമസ് ഐസക്
തോമസ് ഐസക്

ഐസക്കിന് ആദ്യം അയച്ച സമൻസിൽ സ്വത്ത് വിവരങ്ങൾ വിശദമാക്കാൻ ആവശ്യപ്പെട്ടിട്ടില്ല. രണ്ടാമത് അയച്ച സമൻസിൽ വ്യക്തിപരമായ ഇത്തരം വിവരങ്ങൾ പങ്കുവയ്ക്കാൻ ആവശ്യപ്പെട്ടത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് വി ജി അരുൺ ചോദിച്ചു. ആദ്യ സമൻസിലും രണ്ടാമത്തെ സമൻസിലും ഉന്നയിക്കുന്ന ആരോപണങ്ങളിലെ മാറ്റങ്ങളും കോടതി സൂചിപ്പിച്ചു.

കേസിൽ ഐസക് ഇപ്പോൾ പ്രതിയല്ലെന്നും, സാക്ഷിയാണെന്നും കേന്ദ്ര സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഐസക് എന്ത് നിയമലംഘനമാണ് നടത്തിയതെന്ന് ഹർജിയിൽ പരാമർശിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ സിദ്ധാർഥ് ദവെ വാദിച്ചു. കോടതി ഉന്നയിച്ച ചോദ്യങ്ങൾക്കും പരാമർശങ്ങൾക്കും മറുപടി നൽകാൻ കേന്ദ്ര ഇ ഡി കൂടുതൽ സമയം ആവശ്യപ്പെട്ടതോടെ കേസ് പരി​ഗണിക്കുന്നത് അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി.

ഹാജരാകാൻ ഇ ഡി നോട്ടീസ് അയച്ചതോടെയാണ് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഇ ഡി അയച്ച രണ്ടു നോട്ടീസുകളിലും ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സമന്‍സ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കണമെന്നുമായിരുന്നു ഐസക്കിന്റെ ആവശ്യം. ഇ ഡി നല്‍കിയ നോട്ടീസില്‍ കിഫ്ബിയോ താനോ ചെയ്ത ഫെമ (FEMA) ലംഘനം എന്താണെന്ന് നിര്‍വചിച്ചിട്ടില്ല. കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇ ഡിയുടെ അധികാര പരിധിക്ക് പുറത്തുള്ളതാണെന്നും ഹര്‍ജിയില്‍ തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു. ജൂലൈ 18ന് ഹാജരാകാനാവശ്യപ്പെട്ട് ഇ ഡി നോട്ടീസ് അയച്ചിരുന്നെങ്കിലും ഐസക് ഹാജരായിരുന്നില്ല.

കേരള ഹൈക്കോടതി
കിഫ്ബിക്കെതിരായ ഇ ഡി നടപടി; സര്‍ക്കാരിന് പ്രതിപക്ഷ പിന്തുണ, തോമസ് ഐസക് ഇന്ന് ഹാജരാകില്ല

അതിനിടെ കിഫ്ബിക്കെതിരായ ഇ ഡി നീക്കത്തിനെതിരെ അഞ്ച് എംഎൽഎമാർ സമർപ്പിച്ച ഹർജി നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കെ കെ ശൈലജ, ഐ ബി സതീഷ്, എം മുകേഷ്, ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് പൊതു താൽപര്യ ഹർജി നൽകിയിരുന്നത്.

logo
The Fourth
www.thefourthnews.in