ഇനി വിഷം വിളമ്പാന്‍ അനുവദിക്കില്ല; ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നടപടികളുമായി ആരോഗ്യവകുപ്പ്

ഇനി വിഷം വിളമ്പാന്‍ അനുവദിക്കില്ല; ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നടപടികളുമായി ആരോഗ്യവകുപ്പ്

ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍, കാറ്ററിങ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുടെ പിന്തുണയോടെയാണ് പുതിയ തീരുമാനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്
Updated on
2 min read

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഊർജിത ശ്രമങ്ങളുമായി ആരോഗ്യവകുപ്പ്. ഹോട്ടലുകള്‍ക്ക് ഹൈജീന്‍ റേറ്റിങ് നല്‍കാനുള്ള സംവിധാനം അവതരിപ്പിക്കുന്നതും കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നതുള്‍പ്പെടെ കരുതല്‍ നടപടികള്‍ മുന്നോട്ടുവെച്ചിരിക്കുകയാണ് സര്‍ക്കാര്‍. പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് പാടില്ലെന്നുള്ള നിർദേശത്തിന് പിന്നാലെയാണ് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ പുതിയ തീരുമാനങ്ങള്‍. ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍, കാറ്ററിങ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുടെ പിന്തുണയോടെയാണ് പുതിയ തീരുമാനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

സംസ്ഥാനത്ത് കാറ്ററിങ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.ഒരിക്കല്‍ ലൈസന്‍സ് നല്‍കിക്കഴിഞ്ഞാലും നിശ്ചിത ഇടവേളകളില്‍ സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തും.ഭക്ഷ്യസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ എന്തെങ്കിലും കണ്ടെത്തി ലൈസന്‍സ് സസ്പെന്റ് ചെയ്താല്‍ കമ്മീഷണറുടെ പരിശോധനയ്ക്ക് ശേഷമാകും വീണ്ടും അനുമതി നല്‍കുക.

ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല

ഓഡിറ്റോറിയങ്ങളില്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹോട്ടലുകളില്‍ നിന്ന് പാഴ്സലായി ഭക്ഷണം നല്‍കുമ്പോള്‍, നല്‍കുന്ന സമയവും എത്ര സമയത്തിനുള്ളില്‍ ഉപയോഗിക്കണം എന്നതും രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പതിപ്പിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. ഹോട്ടലുകളിലെ ജീവനക്കാര്‍ എല്ലാം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശീലനം നേടിയിരിക്കണം. എല്ലാവര്‍ക്കും ഹെല്‍ത്ത് കാര്‍ഡും നിര്‍ബന്ധമാക്കും. ശുചിത്വം ഉറപ്പാക്കാന്‍ സ്ഥാപനത്തിലുള്ള ഒരാള്‍ക്ക് സൂപ്പര്‍വൈസര്‍ ചുമതല നല്‍കണമെന്നുള്ള നിര്‍ദ്ദേശവും സര്‍ക്കാര്‍ മുന്നോട്ടുവെച്ചു.

ഹോട്ടലുകള്‍ക്ക് ഹൈജീന്‍ റേറ്റിങ് നല്‍കാനുള്ള സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കി വരികയാണ്. ഇതിന്‍റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ അറിയിക്കാനുള്ള മൊബൈല്‍ ആപ്പ് ഈ മാസം തന്നെ ലോഞ്ച് ചെയ്യും. ഫോട്ടോയും വീഡിയോയും അപ്ലോഡ് ചെയ്യാനുള്ള സൗകര്യവും ഈ ആപ്പിലുണ്ടാകും. ഇവയ്ക്കുപുറമേ സംസ്ഥാനതലത്തില്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കാനും ബയോളജി ലാബുകളുടെ എന്‍എബിഎല്‍ അക്രഡിറ്റേഷനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു കഴിഞ്ഞു.

ഹോട്ടലുകളിലെ ജീവനക്കാര്‍ എല്ലാം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശീലനം നേടിയിരിക്കണം

തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിലുള്ള എല്ലാ ഹോട്ടലുകളിലും സ്ഥാപനങ്ങളിലും ലൈസന്‍സ് ഉറപ്പാക്കാനും സര്‍ക്കാര്‍ തീരുമാനമായിട്ടുണ്ട്. ലൈസന്‍സിനായി ഏകീകൃത പ്ലാറ്റ്ഫോം നടപ്പിലാക്കുന്നതും പരിഗണനയിലാണ്. കടകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് അതത് പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങളാണ്. ഭക്ഷ്യ വസ്തുക്കള്‍ ഉത്പാദിപ്പിക്കുകയും വിതരണം നടത്തുകയും വില്‍ക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സോ രജിസ്ട്രേഷനോ നല്‍കുന്നത് ഭക്ഷ്യ സുരക്ഷാ വകുപ്പാണ്. ഈ സ്ഥാപനങ്ങളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് എഫ്.എസ്.എസ്.എ.ഐ. ആക്ട് പ്രകാരം പരിശോധനകള്‍ നടത്തുന്നത്.

ഇനി വിഷം വിളമ്പാന്‍ അനുവദിക്കില്ല; ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നടപടികളുമായി ആരോഗ്യവകുപ്പ്
മുട്ട ഒഴിവാക്കും; ഹോട്ടലുകളില്‍ വെജിറ്റബിൾ മയോണൈസ് പ്രോത്സാഹിപ്പിക്കും

കഴിഞ്ഞ ദിവസമാണ് ഭക്ഷ്യസുരക്ഷയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിനായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റേയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റേയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. ഭക്ഷ്യ സുരക്ഷ ഫലപ്രദമായി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഏകോപിച്ച് പ്രവര്‍ത്തിക്കാന്‍ യോഗത്തില്‍ തീരുമാനമായിരുന്നു.

ഭക്ഷ്യ സുരക്ഷാ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗവുമാണ് നിലവില്‍ പരിശോധനകള്‍ നടത്തി വരുന്നത്. പരിശീലനം, അവബോധം എന്നിവയിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപ്പിലാക്കിവരുന്ന ഭക്ഷ്യ സുരക്ഷാ പഞ്ചായത്ത് പദ്ധതിയിലും തദ്ദേശ വകുപ്പിനോട് സഹകരണമഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വെജിറ്റബിള്‍ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുകൊണ്ടുള്ള മയോണൈസോ ഉപയോഗിക്കാൻ ഇന്നലെ ഉത്തരവിറക്കിയിരുന്നു.

logo
The Fourth
www.thefourthnews.in