നായകളില്‍ നിന്നും കടിയേറ്റുള്ള മരണങ്ങള്‍ അന്വേഷിക്കാന്‍ വിദഗ്ധ സമിതി; രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നൽകണം
സംസ്ഥാനത്ത് നായകളില്‍ നിന്ന് കടിയേറ്റ് ഉണ്ടായ മരണങ്ങള്‍ സർക്കാർ അന്വേഷിക്കും. ഈ വര്‍ഷം ഉണ്ടായ ഇത്തരം മരണങ്ങൾ അന്വേഷിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തും. വിഷയം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഉത്തരവിട്ടത്. പേവിഷബാധ സംബന്ധിച്ച ആശങ്കകള്‍ അകറ്റുന്നതിന്റെ ഭാഗമായി ഓരോ മരണം സംബന്ധിച്ചും ശാസ്ത്രീയമായ അന്വേഷണം നടത്താനും രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കി.
ഇന്നലെ ചേർന്ന വിവിധ വകുപ്പുകളിലെ മന്ത്രിമാർ പങ്കെടുത്ത ഉന്നതതല യോഗത്തില്‍ പേവിഷബാധ നിയന്ത്രിക്കാനായി കര്‍മ പദ്ധതി തയ്യാറാക്കാന്‍ തീരുമാനിച്ചിരുന്നു. തെരുവുനായകളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കാനും, വാക്സിനേഷന്‍ കര്‍ശനമാക്കാനും, ഓരോ ബ്ലോക്കിലും ഓരോ വന്ധ്യംകരണ സെന്ററുകള്‍ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. തെരുവുനായകളുടെ എണ്ണം കുറയ്ക്കാനും പേവിഷബാധ അകറ്റുന്നതിനുമായി ലോകാരോഗ്യ സംഘടന കൊണ്ടുവന്ന അനിമല്‍ ബര്‍ത്ത് കൺട്രോൾ പ്രോഗ്രാം പല ജില്ലകളിലും ഫലപ്രദമാകാതിരുന്നത് കേസുകളുടെ എണ്ണവും മരണവും വര്‍ധിക്കാനിടയാക്കിയിരുന്നു.
നായ കടിയേറ്റ കേസുകളില്‍ സംസ്ഥാനത്ത് കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 200 ശതമാനത്തിലധികം വര്‍ധനവാണുണ്ടായത്. 2013ല്‍ 62,280 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2021ല്‍ അത് 2.21 ലക്ഷമായി ഉയര്‍ന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ സംസ്ഥാനത്തൊട്ടാകെ 13 ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷങ്ങളില്‍ മൃഗങ്ങളുടെ ജനന നിയന്ത്രണ പദ്ധതികള്‍ക്കായി 23 കോടിയിലധികം രൂപയാണ് ചെലവഴിച്ചത്. ലോക്ഡൗണ്‍ സമയത്ത് നായകളെ വീട്ടില്‍ വളര്‍ത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയും അതുമൂലം വളര്‍ത്തുനായകളുടെ കടിയേറ്റ കേസുകളില്‍ 20 ശതമാനം വര്‍ധനവുണ്ടാവുകയും ചെയ്തിരുന്നു.