പെണ്‍കുട്ടികള്‍ക്കുള്ള സമയനിയന്ത്രണം വിവേചനം; മെഡിക്കൽ കോളേജ് ഹോസ്റ്റൽ വിഷയത്തില്‍ ആരോഗ്യമന്ത്രി
കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്കുള്ള സമയനിയന്ത്രണം വിവേചനമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റലുകളിൽ പ്രവേശിക്കാൻ രണ്ട് സമയമെന്നത് അംഗീകരിക്കാൻ സാധിക്കുന്നതല്ല. പെണ്‍കുട്ടികളുടെ ആവശ്യം തികച്ചും ന്യായമാണെന്നും ഈ വിഷയത്തിൽ എല്ലാവരുമായി കൂടിയാലോചന നടത്തി തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
വിഷയത്തില്‍ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പിന്റെ നിലപാട് മന്ത്രി വ്യക്തമാക്കുന്നത്. സുരക്ഷയുടെ പേരില്‍ വനിതാ ഹോസ്റ്റലുകളില്‍ സമയ നിയന്ത്രണം ഏർപ്പെടുത്തുന്നത് പരിഷ്കൃത സമൂഹത്തിനു ചേരുന്നതല്ലെന്ന പരാമര്‍ശത്തോടെ ആയിരുന്നു ഹൈക്കോടതി വിശദീകരണം നേടിയത്.
കോഴിക്കോട് മെഡിക്കൽ കോളേജിലെ പെൺകുട്ടികൾ രാത്രി 10 മണിക്ക് തന്നെ ഹോസ്റ്റലിൽ കയറണമെന്ന ചട്ടം നിർബന്ധമാക്കിയതിനെതിരെയാണ് വൻ പ്രതിഷേധം ഉയർന്നത്. ആണ്‍കുട്ടികളും, പെണ്‍കുട്ടികളും രാത്രി 10 ന് ഹോസ്റ്റലില്‍ കയറണമെന്നാണ് നിബന്ധന. എന്നാൽ, ആൺകുട്ടികൾ പാലിക്കാറില്ലായിരുന്നു. ആൺകുട്ടികൾക്ക് യാതൊരു നിയന്ത്രണങ്ങളും ഇല്ലാത്ത സ്ഥാനത്തു പെൺകുട്ടികൾക്ക് ഇത്തരമൊരു സമയ നിയന്ത്രണം ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ചായിരുന്നു വിദ്യാർഥിനികൾ സമരം ചെയ്തത്.
പ്രതിഷേധത്തെ തുടർന്ന് വിദ്യാർഥിനികളുമായി കോളേജ് അധികൃതർ നടത്തിയ ചർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് രക്ഷിതാക്കളെയും, വിദ്യാർഥിനികളെയും ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചിരുന്നു. പക്ഷെ, ഈ കമ്മിറ്റിയുടെ ഇടപെടലും പ്രശ്നത്തിന് പരിഹാരം കാണാനായില്ല. ഇതിന് പിന്നാലെയാണ് വിദ്യാർഥിനികൾ ഹൈക്കോടതിയെ സമീപിച്ചത്.