കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ, രോഗ ബാധ സ്ഥിരീകരിച്ചത് ആരോഗ്യ പ്രവര്‍ത്തകന്
കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 24 വയസുകാരനായ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം അഞ്ചായി.
നേരത്തെ തയ്യാറാക്കിയ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തി
മുന്‍പ് രോഗബാധ സ്ഥിരീകരിച്ചവരുടേത് ഉള്‍പ്പെടെ 706 പേരാണ് നിലവില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. അതില്‍ 77 പേര്‍ ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയിലും ഉള്‍പ്പെടുന്നു. ഇതില്‍153 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. രോഗബാധിതരുടെ റൂട്ട്മാപ്പും നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിനിടെയാണ് ആഞ്ചാമത്തെ വ്യക്തിക്ക്ക്കൂടി രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാള്‍ നേരത്തെ തയ്യാറാക്കിയ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
30ന് മരിച്ച ആദ്യ രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 13 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തന്നെ ഐസൊലേഷന്‍ വാര്‍ഡിലാണുള്ളത്. ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ 19 കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. ഇവരുടെ പ്രവര്‍ത്തനം ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തിയിട്ടുണ്ട്.
രോഗ പ്രതിരോധ പ്രവര്‍ത്തനത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 75 മുറികള്‍ സജ്ജീകരിച്ചിട്ടുണ്ട്. അടുത്ത പത്ത് ദിവസം കോഴിക്കോട് ജില്ലയില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രോഗബാധിതനായ 9 വയസുകാരന്റെ ചികിത്സയ്ക്കായി മോണോക്ലോണല്‍ ആന്റിബോഡി ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ച സാഹചര്യത്തില്‍ ഐസിഎംആറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഇന്ന് രാത്രിയോടെ എത്തിച്ചേരുമെന്നും മന്ത്രി പറഞ്ഞു.