ചൂട് കൂടും; കാസർഗോഡ്, കണ്ണൂർ ജില്ലകള്‍ക്ക് പ്രത്യേക മുന്നറിയിപ്പ്

ചൂട് കൂടും; കാസർഗോഡ്, കണ്ണൂർ ജില്ലകള്‍ക്ക് പ്രത്യേക മുന്നറിയിപ്പ്

ജില്ലകളിലെ താപനില ഇന്നും നാളെയും സാധാരണയിൽ നിന്നും 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
Updated on
2 min read

സംസ്ഥാനത്ത് താപനില വർധിച്ചു വരുന്ന സാഹചര്യത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകൾക്ക് പ്രത്യേക മുന്നറിയിപ്പ്. ജില്ലകളിലെ താപനില ഇന്നും നാളെയും സാധാരണയിൽ നിന്നും 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അങ്ങനെയെങ്കിൽ താപനില 39 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയായി വർധിക്കും. സംസ്ഥാനത്ത് ചൂട് കൂടി വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്തെ താപനിലയിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും വേനൽമഴയെ പറ്റിയുള്ള കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം ജനങ്ങൾക്ക് ആശ്വാസം നൽകുന്നതാണ്.

ചൂട് കൂടും; കാസർഗോഡ്, കണ്ണൂർ ജില്ലകള്‍ക്ക് പ്രത്യേക മുന്നറിയിപ്പ്
കാലാവസ്ഥാ വ്യതിയാനം: ചൂട് കാരണം ഇന്ത്യയില്‍ മരണങ്ങള്‍ വര്‍ധിക്കുന്നു

കഴിഞ്ഞ വർഷം ഈ സമയം താപനില 39 ഡിഗ്രി സെൽഷ്യസ് വരെ അടയാളപ്പെടുത്തിയിരുന്നെങ്കിലും സംസ്ഥാനത്തുടനീളം ആർദ്രത ഗണ്യമായി കുറയുന്നത് കാലാവസ്ഥാ വിദഗ്ധരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. മുണ്ടൂരിലെ ഇന്റഗ്രേറ്റഡ് റൂറൽ ടെക്‌നോളജി സെന്റർ (ഐആർടിസി) കാലാവസ്ഥാ കേന്ദ്രത്തിൽ ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ ശരാശരി ആർദ്രത 30% നും 35% ഇടയിലാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ രേഖപ്പെടുത്തിയ ആപേക്ഷിക ആർദ്രതയേക്കാൾ വളരെ കുറവാണ് ഇത്. 2021-ൽ ഐആർടിസിയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ ഇതേ സമയം രേഖപ്പെടുത്തിയ ആർദ്രത 40% നും 60% ഇടയിലായിരുന്നു. എന്നാൽ 2022-ൽ ഇത് 60-70 ശതമാനമായി വ്യത്യാസപ്പെട്ടു. 'തുലാവർഷം' എന്നറിയപ്പെടുന്ന വടക്കുകിഴക്കൻ മൺസൂണിന്റെ ലഭ്യത കുറവാണ് ഇതിന് കാരണമെന്നാണ് മുതിർന്ന ഭൗതികശാസ്ത്ര ഗവേഷകനായ ബി എം മുസ്തഫ 'ദ ഹിന്ദു'വിനോട് വ്യക്തമാക്കിയത്.

രാത്രികളിൽ തണുപ്പും പകലുകളിൽ ചൂട് കൂടുന്നതും കാരണം വേനൽ ശക്തമാകുന്നതിന് മുൻപേ അരുവികളും ചെറു നദികളും അതിവേഗം വറ്റിവരളുകയും ചെയ്യുകയാണ്

'വടക്കുകിഴക്കൻ മൺസൂണിൽ നിന്ന് വേണ്ട വിധത്തിൽ മഴ ലഭിച്ചില്ല. അതിനാൽ, ഉപരിതല മണ്ണ് വളരെ വേഗത്തിൽ ഉണങ്ങുകയും ഈർപ്പം കുറയുകയും ഇത് പകൽ സമയത്തെ താപനില ഉയരാൻ കാരണമാകുകയും ചെയ്തു,' പ്രൊഫ. മുസ്തഫ പറഞ്ഞു. രാത്രികളിൽ തണുപ്പും പകലുകളിൽ ചൂട് കൂടുന്നതും കാരണം വേനൽ ശക്തമാകുന്നതിന് മുൻപേ അരുവികളും ചെറു നദികളും അതിവേഗം വറ്റിവരളുകയും ചെയ്യുകയാണ്. വേനൽമഴ ലഭിക്കുമെന്ന് കണ്ടെത്താനായതിനാൽ താപനില ഉയരുന്നത് അപകടകരമല്ലെന്ന് ഐആർടിസിയിലെ എൻവയോൺമെന്റ് ലബോറട്ടറി മേധാവിയും കാലാവസ്ഥാ നിരീക്ഷകനുമായ എ എൻ ശിവദാസ് പറഞ്ഞു.'താപനില വർധിക്കുന്നുവെന്നത് ശരിയാണ്. ഫെബ്രുവരിയിൽ 39 ഡിഗ്രി സെൽഷ്യസിൽ എത്തി. വേനൽ ഇനിയും കഠിനമായാൽ 41-42 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. എന്നാൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മഴ ലഭിക്കുമെന്ന പ്രവചനം നല്ലൊരു വാർത്തയാണ്,' ശിവദാസ് പറഞ്ഞു.

കഴിഞ്ഞ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയായ 42 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത് പാലക്കാടാണ്. എന്നാലും, കഴിഞ്ഞ വേനൽ മാസങ്ങളില്‍ വർഷം മുഴുവനും രേഖപ്പെടുത്തിയ മൊത്തം മഴയുടെ 12% ലഭിച്ചിരുന്നു. ഐആർടിസി കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ഏപ്രിലിൽ 106 മില്ലീമീറ്ററും മെയ് മാസത്തിൽ 182 മില്ലീമീറ്ററും മഴ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ലഭിച്ച ആകെ വേനൽ മഴ 314 മില്ലിമീറ്ററായിരുന്നു.

logo
The Fourth
www.thefourthnews.in