സംസ്ഥാനത്ത് വ്യാപക മഴ: 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ, തൃശ്ശൂരിൽ ഭൂചലനം

സംസ്ഥാനത്ത് വ്യാപക മഴ: 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ, തൃശ്ശൂരിൽ ഭൂചലനം

തൃശൂർ, കല്ലൂർ, ആമ്പല്ലൂർ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ
Updated on
1 min read

സംസ്ഥാനത്ത് ഇന്നും കനത്ത മഴ പെയ്തേക്കുമെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ തൃശ്ശൂരിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. തൃശൂർ, കല്ലൂർ, ആമ്പല്ലൂർ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് നാട്ടുകാർ പറയുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ വ്യക്തമാക്കി.  

അടുത്ത രണ്ട് ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ/അതി ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ മുന്നറിയിപ്പുണ്ട്. കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതോടെ കേരളത്തിൽ വിവിധ ഡാമുകൾ തുറന്നു. പത്തനംതിട്ടയിൽ മണിയാർ ഡാം തുറന്ന സാഹചര്യത്തിൽ പമ്പ, കക്കാട്ടാർ തീരങ്ങളിൽ താമസിക്കുന്നവർക്കായി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഇടുക്കിയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകളും തുറന്നിട്ടുണ്ട്. പാംബ്ല ഡാമിന്റെ രണ്ട് ഷട്ടറുകളാണ് തുറന്നത്. ആദ്യ ഷട്ടർ 75 സെന്റീമീറ്ററും രണ്ടാമത്തെ ഷട്ടർ 30 സെന്റീമീറ്ററുമാണ് തുറന്നത്. കല്ലാർകുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകളാണ് തുറന്നത്. ഒരു ഷട്ടർ 15 സെന്റീമീറ്ററും രണ്ടാമത്തം ഷട്ടർ 90 സെന്റീമീറ്ററുമാണ് തുറന്നിരിക്കുന്നത്. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

മഴയെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടമാണുണ്ടായത്. തൃശൂർ പുതുക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണു. മതിലിൽ ചേർത്ത് നിർമിച്ച ഷെഡ് തകർന്നു. സ്കൂളിന്റെ മുൻവശത്തെ മതിലാണ് റോഡിലേക്ക് ഇടിഞ്ഞ് വീണത്. കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാമതിൽ ഇടിഞ്ഞുവീണു. രാവിലെ ഏഴുമണിയോടെ 30 മീറ്ററോളം ദൂരത്തിലാണ് മതിൽ ഇടിഞ്ഞത്. മലപ്പുറം ജില്ലയിൽ 13 വീടുകൾ ഭാഗികമായി തകർന്നു. മലപ്പുറത്ത് ഖനനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ക്വാറികൾ ഉൾപെടെയുള്ള എല്ലാ ഖനനവും നിർത്തിവയ്ക്കാൻ മലപ്പുറം ജില്ലാ കളക്ടർ ഉത്തരവിട്ടു. വയനാട് പനമരത്ത് കിണർ ഇടിഞ്ഞ് താഴ്ന്നു.

ഇടുക്കിയിലും കണ്ണൂരിലും രാത്രിയാത്ര നിരോധിച്ചു. കൊച്ചിയിലും പൊന്നാനിയിലും കോഴിക്കോടും കടലാക്രമണം രൂക്ഷമാണ്. ഇടുക്കിയിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത മേഖലകളിൽ ജാഗ്രത തുടരുകയാണ്. 

logo
The Fourth
www.thefourthnews.in