കാലവര്‍ഷക്കെടുതി തുടരുന്നു; അഞ്ച് ജില്ലകളിലും നാല് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് കേരളത്തിലെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലയിലെ പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആലപ്പുഴ ജില്ലയിലെ കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ താലൂക്കുകളും, മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്. കണ്ണൂര്‍ സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകലും മാറ്റിവെയ്ക്കുെമന്നും അറിയിച്ചിട്ടുണ്ട്.
പമ്പ, മണിമല, അച്ചന്‍കോവില്‍ ആറുകളുടെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് കുട്ടനാട് , കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ താലൂക്കിലെ ട്യൂഷന്‍ സെന്ററുകള്‍ക്കും അംഗന വാടികള്‍ക്കുമുള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചത്. ആലപ്പുഴ ജില്ലയിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുകയാണ്. അതേ സമയം കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നതിനാല്‍ എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാല നാളെ (ജൂലൈ 7) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.
പത്തനംതിട്ട
നാളെ 7 ജൂലൈ 2023 നു, പത്തനംതിട്ട ജില്ലയിലെ അംഗന്‍വാടി മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നു. മുന്‍നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.
കാസര്‍ഗോഡ്
ജില്ലയില്‍ റെഡ് അലേര്‍ട്ട് തുടരുന്നതിനാല്‍ നാളെ (ജൂലൈ 07, 2023 വെള്ളിയാഴ്ച ) പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഇമ്പശേഖര്‍ കെ. IAS അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാകില്ല. മേല്‍ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണ്.
സ്‌കൂളുകളില്‍ അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍, ചുറ്റുമതില്‍, പഴയ ക്ലാസ്‌റൂമുകള്‍ തുടങ്ങിയവ പിടിഎ, അധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തില്‍ നാളെ തന്നെ വീണ്ടും പരിശോധിക്കുകയും അടുത്ത പ്രവൃത്തിദിനം സ്‌കൂളില്‍ എത്തുന്ന കുട്ടികള്‍ക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കി എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. ഇത് കൂടി കണക്കിലെടുത്താണ് നാളെ അവധി നല്‍കുന്നതെന്ന് കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ ഇന്‍ബശേഖര്‍ കെ ഐഎഎസ് അറിയിച്ചു.
കോട്ടയം
അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച (2023 ജൂലൈ ഏഴ്) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി ഉത്തരവായി. അങ്കണവാടികള്‍, ഐ.സി.എസ്.ഇ./സി.ബി.എസ്.ഇ. ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്നും കോട്ടയം ജില്ലാ കലക്ടര്‍ വി വിഗനേശ്വരി അറിയിച്ചു.
കണ്ണൂര്‍
ജില്ലയില്‍ കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ICSE/CBSE സ്‌കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) 07.07.2023 ന് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ച് ഉത്തരവാകുന്നു. മേല്‍ അവധി മൂലം നഷ്ടപ്പെട്ടന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന് അറിയിക്കുന്നു. വിദ്യാര്‍ഥികളെ മഴക്കെടുതിയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതുമാണ്. നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതില്ലെന്നൂമായിരുന്നു ജില്ലാ കല്ക്ടര്‍ എസ് ചന്ദ്രശേഖര്‍ അറിയിച്ചത്.
കോഴിക്കോട്
ജില്ലയില്‍ മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടുള്ളതിനാലും നദീതീരങ്ങളില്‍ വെള്ളം ഉയരുന്ന സാഹചര്യവും കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും (07072023, വെള്ളി) അവധി പ്രഖ്യാപിക്കുന്നു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകളില്‍ മാറ്റമില്ല.അവധിയായതിനാല്‍ കുട്ടികള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് രക്ഷിതാക്കള്‍ നിയന്ത്രിക്കണമെന്നും പരിസരങ്ങളിലെ പുഴകളിലോ നദീതടങ്ങളിലോ ഒരു കാരണവശാലും ഇറങ്ങരുതെന്നും ജാഗ്രത പുലര്‍ത്തണമെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ എ ഗീത ഉത്തരവിട്ടു.
നാളെ, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും, ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.