മഴയില്‍ മുങ്ങി സംസ്ഥാനം, മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; മിക്കയിടങ്ങളിലും വെള്ളക്കെട്ട്
അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും വലഞ്ഞ് സംസ്ഥാനം. ഇന്നലെ മുതല്‍ തുടരുന്ന മഴയില്‍ മൂന്ന് ജില്ലകളില്‍ കാലാവസ്ഥാവകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. ഇന്നും നാളെയും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും രാത്രി എട്ട് മണിയോടെ റെഡ് അലര്‍ട്ടാക്കുകയായിരുന്നു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ്.
ഇന്നലെ രാത്രിയിലെ മഴയില്‍ തിരുവന്തപുരം നഗരത്തിന്‌റെ പല ഭാഗങ്ങളിലും വെള്ളം കയറി. അട്ടക്കുളങ്ങരയിലും മുക്കോലയ്ക്കലും വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. അട്ടക്കുളങ്ങര കിള്ളിപ്പാലം റോഡിലും ചാലയിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
ഈ സീസണിലെ ആദ്യ ന്യൂനമര്‍ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്നതിനു മുന്നോടിയാണ് ഇപ്പോഴത്തെ അതിതീവ്ര മഴ. ഇതിനിടെ സംസ്ഥാനത്തിന്‌റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുകളും രൂപപ്പെട്ടിട്ടുണ്ട്. മലവെള്ളപ്പാച്ചിലും മിന്നല്‍പ്രളയങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലും ഉരുള്‍ പൊട്ടലിനുമുള്ള സാധ്യതയുമുണ്ട്. ശക്തമായ മഴ ലഭിച്ചുകൊണ്ടിരിക്കുന്ന മലയോര പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറിത്താമസിക്കണം. വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ സാഹചര്യം വിലയിരുത്തി ക്യാമ്പുകളിലേക്ക് മാറണമെന്നും നിര്‍ദേശമുണ്ട്.
കേരളതീരത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണം. എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ താലൂക്ക്, ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. 1070, 1077 എന്നീ ടോള്‍ഫ്രീ നമ്പരുകളില്‍ ബന്ധപ്പെടാം.
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍
മേയ് 19: ഇടുക്കി, കോട്ടയം,പത്തനംതിട്ട
മേയ് 20: ഇടുക്കി, കോട്ടയം,പത്തനംതിട്ട
ഓറഞ്ച് അലര്‍ട്ട്
മേയ് 18: പത്തനംതിട്ട, ഇടുക്കി, മലപ്പുറം.
മേയ് 19: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം
മേയ് 20: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം
മേയ് 21: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, കോട്ടയം, ഇടുക്കി
കാലവര്‍ഷം മേയ് 19 ഓടെ തെക്കന്‍ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍, നിക്കോബര്‍ ദ്വീപ് എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. തുടര്‍ന്ന് മേയ് 31 ഓടെ കേരളത്തില്‍ എത്തിച്ചേരാന്‍ സാധ്യതയെന്നുമായിരുന്നു മുന്നറിയിപ്പ്.