ഇടുക്കി ഡാം
ഇടുക്കി ഡാം

കനത്തമഴയിലും കരുത്തോടെ അണക്കെട്ടുകൾ; ഡാമുകളിലെ ജലനിരപ്പിൽ നേരിയ വർധന മാത്രം

ജൂലൈ അവസാനം മുതൽ കനത്ത മഴ ലഭിക്കാൻ തുടങ്ങിയെങ്കിലും ഇടുക്കിയിലും ഇടമലയാറിലും ജലനിരപ്പ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവാണ്
Updated on
2 min read

മൺസൂൺ കാലമാകുമ്പോൾ കേരളത്തിലെ ജനങ്ങള്‍ പ്രളയഭീതിലാണ്. എന്നാൽ ഇത്തവണ മഴയിൽ നാശനഷ്ടങ്ങൾ ഏറെയാണെങ്കിലും വലിയ ഡാമുകളിലെ ജലനിരപ്പ് അപകടം ഉണ്ടാക്കുന്ന രീതിയിൽ ഉയർന്നിട്ടില്ല. കെഎസ്ഇബിയുടെ കീഴിലുള്ള 10 അണക്കെട്ടുകളിൽ ഒന്നിൽ പോലും ഇതുവരെയും ജാഗ്രതാ നിർദേശം പുറപ്പെടുവിക്കേണ്ടി വന്നിട്ടില്ല.

ജൂലൈ അവസാനം മുതൽ കനത്ത മഴ ലഭിക്കാൻ തുടങ്ങിയെങ്കിലും ഇടുക്കിയിലും ഇടമലയാറിലും ജലനിരപ്പ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവാണ്. ഓഗസ്റ്റ് 2ന് ഇടുക്കി ഡാമിലെ ജലനിരപ്പ് 2375. 53 അടിയായിരുന്നു, അതേദിവസം കഴിഞ്ഞ വർഷം ഇതിനെക്കാള്‍ കുറവായിരുന്നു ജലനിരപ്പ്. ഇത്തവണ മഴയിൽ നേരിയ തോതിൽ മാത്രമാണ് ജലനിരപ്പ് ഉയർന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് രണ്ടിന് ഇടമലയാറിൽ 154.58 അടിയായിരുന്നു ജലനിരപ്പ്. ഇത്തവണ വെള്ളത്തിന്റെ അടി അൽപ്പം ഉയർന്നിട്ടുണ്ട്.157.75 അടി ജലനിരപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജലനിരപ്പിലുണ്ടായ നേരിയ വർധനവ് ആശങ്കപ്പെടേണ്ടതില്ലെന്ന് കെഎസ്ഇബിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇടമലയാറിലും ഇടുക്കിയിലും 70 ശതമാനത്തിൽ താഴെ മാത്രമാണ് വെള്ളമുള്ളത്. കനത്ത മഴ തുടരുകയാണെങ്കിൽ ഡാമുകളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


മുല്ലപ്പെരിയാർ ഡാമില്‍ നിലവിൽ 134.85 അടി ജലമാണുളളത്. അപകടനിലയേക്കാൾ വളരെ താഴെയാണിത്. ഓഗസ്റ്റ് 10 വരെ ജലനിരപ്പ് 137.5 അടി വരെ ഉയരാനുള്ള സാധ്യതയുണ്ടെങ്കിലും ഇപ്പോള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. വൃഷ്ടിപ്രദേശത്ത് താരതമ്യേന മഴ കുറഞ്ഞതും സഹായകമായി. ഇന്നലെ (ചൊവ്വ) വൈകുന്നേരം വരെ ജലസംഭരണിയിലേക്കുള്ള (മുല്ലപ്പെരിയാർ) ഒഴുക്ക് സെക്കൻഡിൽ 2,406 ഘനയടിയായിരുന്നു. ഇതിൽനിന്നും 1,867 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോയതായും മന്ത്രി കൂട്ടിച്ചേർത്തു.

മുല്ലപ്പെരിയാര്‍ ഡാം
മുല്ലപ്പെരിയാര്‍ ഡാം

ഇടുക്കി ജില്ലയിലെ അഞ്ച് അണക്കെട്ടുകൾ അടക്കം ഏഴ് ചെറിയ കെഎസ്ഇബി അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്ന് റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ട നിലയിലെത്തിയെങ്കിലും തൃശ്ശൂരിലെ പെരിങ്ങൽക്കുത്ത് ഡാമിൽ നിന്ന് മാത്രമാണ് വെള്ളം തുറന്ന് വിട്ടത്. സെക്കൻഡിൽ 363.11 ക്യുബിക് മീറ്റർ വെള്ളം ഇവിടെ നിന്നും പുറത്തേക്ക് ഒഴുക്കി വിടുന്നുണ്ട്.

2018ലെ വെള്ളപ്പൊക്കത്തിന് ശേഷം 'റൂൾ കർവ്' അടിസ്ഥാനത്തിലാണ് ഡാമുകളിൽ നിന്നും വെള്ളം പുറത്തുവിടുന്നത്. ഓരോ ദിവസവും അണക്കെട്ടുകളിലെ ജലനിരപ്പിന്റെ പരിധി നിശ്ചയിക്കുന്നത് റൂൾ കർവ് പ്രകാരമാണ്.

കേരളത്തിൽ ജലസേചന വകുപ്പിന് കീഴിലെ 20 അണക്കെട്ടിൽ 15 എണ്ണത്തിലും നിയന്ത്രിത നീരൊഴുക്കാണുള്ളത്. തൃശ്ശൂരിലെ മീങ്കര അണക്കെട്ടിലും പാലക്കാട്ടെ മംഗലം അണക്കെട്ടിലും മാത്രമാണ് വേഗത്തിൽ വെള്ളം നിറയുന്നത്. ഈ രണ്ട് അണക്കെട്ടുകൾക്കും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം നെയ്യാർ അണക്കെട്ടിൽ ബ്ലൂ അലർട്ടും പ്രഖ്യാപിച്ചു.

logo
The Fourth
www.thefourthnews.in