സംസ്ഥാനത്ത് മഴ കനക്കുന്നു; രണ്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്, കോന്നിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
സംസ്ഥാനത്ത് ഇന്ന് തെക്കന്‍-മധ്യ ജില്ലകളില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി നാളെ ന്യൂനമര്‍ദമാകുന്ന സാഹചര്യത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ മലയോര പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. വരുന്ന അഞ്ചു ദിവസം കൂടി സംസ്ഥനത്ത് പരക്കെ മഴ ലഭിക്കാനാണ് സാധ്യത.
ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ മൂഴിയാര്‍, മണിയാര്‍ അണക്കെട്ടുകള്‍ വീണ്ടും തുറന്നു
ചൊവ്വാഴ്ച ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും, ബുധനാഴ്ച എറണാകുളം ഇടുക്കി ജില്ലകളിലും യെല്ലോഅലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ കനത്തമഴ തുടരുകയാണ്. കിഴക്കന്‍ വനമേഖലയില്‍ ഇന്നലെ ശക്തമായ ഉരുള്‍പ്പൊട്ടലുണ്ടായി. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ മൂഴിയാര്‍, മണിയാര്‍ അണക്കെട്ടുകള്‍ വീണ്ടും തുറന്നു. കോന്നി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മൂഴിയാര്‍ ഡാം തുറന്നതിനാല്‍ പമ്പയിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗവിയിലേക്കുള്ള വിനോദസഞ്ചാര യാത്രകള്‍ നിരോധിച്ചിരിക്കുകയാണ്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം രൂപപ്പെടുന്നതോടെ മഴ വടക്കന്‍ കേരളത്തിലേക്കും വ്യാപിക്കും. അതിനാല്‍ വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ആറു ജില്ലകളില്‍ യെല്ലോ അറിയിപ്പ് നല്‍കിയിട്ടുണ്ട്. മലയോര മേഖലകളില്‍ മണ്ണിടിച്ചല്‍, ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ലഘു മേഘ വിസ്‌ഫോടനം ഉണ്ടാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ കാലവര്‍ഷം കേരളത്തില്‍ സജീവമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.