ഹേമ കമ്മിറ്റി റിപ്പോർട്ട്: 'പ്രസിദ്ധീകരിക്കും മുൻപ് ഉള്ളടക്കം അറിയണം, മൊഴി നൽകിയവരുടെ സ്വകാര്യത ഹനിക്കപ്പെടരുത്'; നടി രഞ്ജിനി സംസാരിക്കുന്നു

ഹേമ കമ്മിറ്റി റിപ്പോർട്ട്: 'പ്രസിദ്ധീകരിക്കും മുൻപ് ഉള്ളടക്കം അറിയണം, മൊഴി നൽകിയവരുടെ സ്വകാര്യത ഹനിക്കപ്പെടരുത്'; നടി രഞ്ജിനി സംസാരിക്കുന്നു

വനിതകളുടെ സംരക്ഷണം ഉറപ്പാക്കേണ്ട കമ്മീഷന്‍ റിപ്പോര്‍ട്ട് പരിശോധിക്കേണ്ടതല്ലേ? മൊഴി നല്‍കിയവരുടെ സ്വകാര്യത ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ വനിത കമ്മീഷന്‍ പരാജയപ്പെട്ടു
Published on

സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് നാളെ പുറത്തുവരാനിരിക്കെ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് തടയണമെന്ന ഹര്‍ജിയുമായി നടി രഞ്ജിനി. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് തടയണമെന്ന ഹര്‍ജിയില്‍ ഹൈക്കാടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കണമെന്നും കോടതി അറിയിച്ചിരുന്നു.

ഹേമ കമ്മീഷന് മുമ്പാകെ ആദ്യം മൊഴി നല്‍കിയ വ്യക്തികളില്‍ ഒരാളാണ് താനെന്നും പറഞ്ഞ കാര്യങ്ങള്‍ ഏതു വിധമാണ് പ്രസിദ്ധീകരിക്കപ്പെടുന്നത് എന്നറിയാനുള്ള അവകാശം ഉണ്ടെന്നും രഞ്ജിനി ദ ഫോര്‍ത്തിനോട് പറഞ്ഞു.

എന്തുകൊണ്ടാണ് അവസാന നിമിഷം ഇത്തരത്തില്‍ ഒരാവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത്?

ഹേമ കമ്മീഷന് മുമ്പാകെ ആദ്യം മൊഴി നല്‍കിയ വ്യക്തികളില്‍ ഒരാളാണ് ഞാന്‍. സിനിമ മേഖലയുമായി ബന്ധപ്പെട്ട പല സെന്‍സിറ്റീവായ വിവരങ്ങളും പലരും കമ്മീഷന് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് തയാറാക്കുന്ന സമയത്തോ ശേഷമോ ഞങ്ങള്‍ക്ക് കമ്മീഷന്‍ മറുപടി നല്‍കിയിട്ടില്ല. ഞാനടക്കമുള്ളവര്‍ പറഞ്ഞ കാര്യങ്ങള്‍ ഏതു വിധമാണ് പ്രസിദ്ധീകരിക്കപ്പെടുന്നത് എന്നറിയാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്. സ്വകാര്യത സംരക്ഷിക്കപ്പെടണമെന്ന് നിയമമന്ത്രിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു. ഡബ്ല്യുസിസിയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നതാണ്.

ഹേമ കമ്മിറ്റി റിപ്പോർട്ട്: 'പ്രസിദ്ധീകരിക്കും മുൻപ് ഉള്ളടക്കം അറിയണം, മൊഴി നൽകിയവരുടെ സ്വകാര്യത ഹനിക്കപ്പെടരുത്'; നടി രഞ്ജിനി സംസാരിക്കുന്നു
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ശനിയാഴ്ച പുറത്തുവിടും; തീരുമാനം ഹൈക്കോടതി ഉത്തരവിന് പിന്നാലെ

റിപ്പോര്‍ട്ട് വൈകിപ്പിക്കാനുള്ള നീക്കമാണിതെന്ന് ചിലരെങ്കിലും സംശയിച്ചാല്‍?

അത്തരം സംശയങ്ങള്‍ തെറ്റാണ്. ഈ സംസ്ഥാനത്തെ വനിതാ കമ്മീഷന്‍ പോലും റിപ്പോര്‍ട്ട് കണ്ടിട്ടില്ല. വനിതകളുടെ സംരക്ഷണം ഉറപ്പാക്കേണ്ട കമ്മീഷന്‍ റിപ്പോര്‍ട്ട് പരിശോധിക്കേണ്ടതല്ലേ? മൊഴി നല്‍കിയവരുടെ സ്വകാര്യത ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ വനിത കമ്മീഷന്‍ പരാജയപ്പെട്ടു. അതുകൊണ്ട് കൂടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

തുടര്‍ നടപടി ?

ബഹുമാനപ്പെട്ട കോടതി തീരുമാനിക്കട്ടെ. സിനിമ, സീരിയല്‍, മാധ്യമ, വിനോദ മേഖലകളില്‍ തൊഴിലെടുക്കുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്കായി ഒരു ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്ന് നടി ആക്രമിക്കപ്പെട്ട സമയത്ത് ആവശ്യമുന്നയിച്ചതാണ്. സ്വകാര്യത സംരക്ഷിച്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരണമെന്ന് തന്നെയാണ് എന്റെ നിലപാട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ജൂലൈ 24ന് പുറത്തുവിടാനിരിക്കെ നിര്‍മാതാവ് സജിമോന്‍ പാറയില്‍ കോടതിയെ സമീപിക്കുകയായിരുന്നു. കമ്മീഷന്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നുമായിരുന്നു ഹര്‍ജിക്കാരന്‌റെ ആവശ്യം. എന്നാല്‍ ഹൈക്കോടതി ഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് നാളെ റിപ്പോര്‍ട്ട് പുറത്തുവിടുന്നത്.

റിപ്പോര്‍ട്ട് തേടി വിവരാവകാശ കമ്മിഷനെ സമീപിച്ച മാധ്യമപ്രവര്‍ത്തകര്‍ അടക്കം അഞ്ചു പേര്‍ക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാനായിരുന്നു തീരുമാനം.

233 പേജ് ഉള്‍പ്പെടുന്ന റിപ്പോര്‍ട്ടിന്റെ ഭാഗമാണ് കൈമാറുക. അഞ്ച് പേരും റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനുള്ള തുകയായ 699 രൂപ വീതം ട്രഷറിയില്‍ അടച്ചിട്ടുണ്ട്.

വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴിച്ച് മറ്റുള്ള വിവരങ്ങള്‍ പുറത്ത് വിടാനാണ് കമ്മിഷന്‍ ഉത്തരവിട്ടത്. ആര്‍ടിഐ നിയമപ്രകാരം വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴിച്ച് മറ്റൊന്നും മറച്ചുവെയ്ക്കരുതെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എഎ അബ്ദുല്‍ ഹക്കീം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഉത്തരവ് പൂര്‍ണമായി നടപ്പാക്കിയെന്ന് ഗവണ്‍മെന്റ് സെക്രട്ടറി ഉറപ്പാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മിഷന്‍. എന്നാല്‍ 2019 ഡിസംബര്‍ 31ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെതിരെ സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസിയും മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയപ്രവര്‍ത്തകരുമെല്ലാം രംഗത്തുവന്നിരുന്നു.

logo
The Fourth
www.thefourthnews.in