ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ലൈംഗികപീഡന പരാമര്‍ശങ്ങളില്‍ കേസെടുക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി; നാളെ വാദം കേള്‍ക്കും
പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതിലെ ഗുരുതരമായ ആരോപണങ്ങളില്‍ മേല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഹര്‍ജിയില്‍ നാളെ വാദം കേള്‍ക്കും. ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഷ്താക് അഹമ്മദ്, ജസ്റ്റിസ് എസ്. മനു എന്നിവരാണ് ഹര്‍ജിയില്‍ നാളെ രാവിലെ 11 മണിക്ക് വാദം കേള്‍ക്കുന്നത്.
എഡിറ്റ് ചെയ്യാത്ത ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്, അതോടൊപ്പം സാക്ഷികളായവരും മൊഴി കൊടുത്തവരും നല്‍കിയ വീഡിയോ ഓഡിയോ റെക്കോര്‍ഡ്‌സുകള്‍, മറ്റ് തെളിവ് രേഖകള്‍ എന്നിവ വിളിച്ചു വരുത്തി ഹൈക്കോടതി പരിശോധിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. എഡിറ്റ് ചെയ്യാത്ത ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേലുള്ള ലൈംഗിക പീഡന പരാമര്‍ശങ്ങളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. തിരുവനന്തപുരം സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ പായ്ച്ചിറ നവാസാണ് ഹര്‍ജിക്കാരന്‍.
അതേസമയം, ജഡ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് കോടതിയില്‍ വിളിച്ചു വരുത്തി ആരോപണ വിധേയരായവരെ പ്രതിയാക്കി കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയിലും ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കാര്‍ത്തിക എസ് വര്‍മ ഹര്‍ജി ഈ മാസം 23 ന് വീണ്ടും പരിഗണിക്കും
പൊതു പ്രവര്‍ത്തകനായ പാപ്പനം കോട് സ്വദേശി ആറ്റുകാല്‍ സുരേന്ദ്രനാണ് ഹര്‍ജിക്കാരന്‍.കുറ്റകൃത്യത്തെ കുറിച്ച് അറിവ് ലഭിച്ചിട്ടും സാംസ്‌കാരിക വകുപ്പ് ഉന്നതരായ പ്രതികളെ സഹായിക്കാന്‍ കുറ്റകൃത്യത്തെ സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവച്ചത് ഗുരുതരമായ നിയമ ലംഘനമെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. കോടതി റിപ്പോര്‍ട്ട് വിളിച്ചു വരുത്തി ആരോപണ വിധേയരായവര്‍ക്കെതിരെ കേസ് എടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. മാധ്യമങ്ങളിലൂടെ റിപ്പോര്‍ട്ട് വായിച്ച് കുറ്റകൃത്യത്തെ കുറിച്ച് അറിവ് ലഭിച്ചതിനാലാണ് കേസ് എടുക്കാന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയതെന്നാണ് ഹര്‍ജിക്കാരന്റെ വാദം. ഹര്‍ജിക്കാരനു വേണ്ടി അഡ്വക്കേറ്റ് ശ്രീനിവാസന്‍ വേണുഗോപാല്‍ ഹാജരായി.
മലയാള സിനിമയിലെ ഉള്ളറകളിലെ മൂല്യച്യുതികളിലേക്ക് വെളിച്ചം വീശി പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂടുള്ള ചര്‍ച്ചകള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തില്‍ വെളിപ്പെടുത്തലുകളുമായി കൂടുതല്‍ പേര്‍ രംഗത്തെത്തുമ്പോഴും നടപടിയെടുക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്തു കഴിഞ്ഞു എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം പോലും പുറത്തുവന്ന വിഷയങ്ങള്‍ കഴിഞ്ഞ കാര്യങ്ങളാണെന്നും നടപടി എടുത്തുകഴിഞ്ഞതുമാണെന്ന തരത്തിലായിരുന്നു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയ ഏതെങ്കിലും വനിത പരാതി നല്‍കാന്‍ തയാറായി മുന്നോട്ടു വന്നാല്‍ സര്‍ക്കാരില്‍ നിന്ന് ഉചിതമായ ഇടപെടലുണ്ടാകുമെന്നാണ് വിഷത്തില്‍ മുഖ്യമന്ത്രി നടത്തിയ ആദ്യ പ്രതികരണം. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ എത്ര ഉന്നതനായാലും നിയമത്തിനു മുന്നിലെത്തിക്കും. അതില്‍ ഒരു തരത്തിലുള്ള സംശയവും ആര്‍ക്കും വേണ്ടതില്ല. സര്‍ക്കാരിന് ഇതുവരെ ലഭിച്ച പരാതികളിന്മേല്‍ കൃത്യമായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും, ഇനിയും അത് തുടരുമെന്നും പറഞ്ഞ മുഖ്യമന്ത്രി തുല്യവേതനമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും വ്യക്തമാക്കുന്നു. ഗുരുതരമായ ആരോപണങ്ങളും കണ്ടെത്തലുകളും നിറഞ്ഞ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പലവിഷയങ്ങളിലും വിശദമായ ഇടപെടല്‍ ആവശ്യമാണെന്നിരിക്കെ കോണ്‍ക്ലേവ് സംഘടിപ്പിച്ച് നയരൂപീകരണം നടത്തുമെന്ന പ്രഖ്യാപനത്തോടെ എല്ലാം അവസാനിക്കുമോ എന്ന ചോദ്യം ബാക്കിയാണ്.