തരൂരിനെ കൈവിടാതെ യുവനിര; പിന്തുണച്ച് പ്രവർത്തകർ

തരൂരിനെ കൈവിടാതെ യുവനിര; പിന്തുണച്ച് പ്രവർത്തകർ

നിരവധി പ്രവർത്തകരാണ് തരൂരിനെ പിന്തുണച്ചും ഹൈബിയുടെയും ശബരീനാഥന്റെയും നിലപാടുകളെ അഭിനന്ദിച്ചും രംഗത്തുവന്നത്
Updated on
1 min read

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയോട് പരാജയപ്പെട്ടെങ്കിലും ശശി തരൂരിനുള്ള പിന്തുണ ശക്തിപ്പെടുത്തി കേരളത്തിൽ നിന്നുള്ള യുവനേതാക്കൾ. ശശി തരൂർ തന്നെയാണ് ഹീറോ എന്ന പരോക്ഷ പ്രതികരണമാണ് എറണാകുളം എംപി ഹൈബി ഈഡന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. 'ഷമ്മി തന്നെയാടാ ഹീറോ' എന്നാണ് ഹൈബിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ശശി തരൂരിന്റെ ചിത്രത്തോടൊപ്പം ഉസ്താദ് ഹോട്ടൽ എന്ന സിനിമയിലെ തിലകന്റെ പ്രസിദ്ധ ഡയലോഗുമായി കെഎസ് ശബരീനാഥനും രംഗത്തെത്തി. 'കിസ്മത്ത് എന്നൊന്ന് ഉണ്ട് ഫൈസി' എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

നിരവധി പ്രവർത്തകരാണ് തരൂരിനെ പിന്തുണച്ചും ഹൈബിയുടെയും ശബരിനാഥന്റെയും നിലപാടുകളെ അഭിനന്ദിച്ചും രംഗത്ത് വന്നിരിക്കുന്നത്. ഇതു കൂടാതെ വോട്ടെടുപ്പിൽ തരൂരിന് ലഭിച്ച 1072 വോട്ടുകൾ എന്ന സംഖ്യ ഉയർത്തികാട്ടിയുള്ള ക്യാമ്പയിനും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.

ഹൈബി ഈഡന്റെ പോസ്റ്റിന് താഴെ വന്ന കമന്റുകൾ
ഹൈബി ഈഡന്റെ പോസ്റ്റിന് താഴെ വന്ന കമന്റുകൾ

ഈ 1072 പേരിലാണ് കോൺഗ്രസ്സിന്റെ ഭാവിയും,പ്രതീക്ഷയും, പാർട്ടിയെ നവീകരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് അവർ എന്നിങ്ങനെയാണ് പോസ്റ്റിന് കീഴെയുള്ള കമന്റുകൾ. സ്ഥാനങ്ങൾ നഷ്ടപ്പെട്ടേക്കാമെന്നറിഞ്ഞിട്ടും പോരാട്ടത്തിന് ഇറങ്ങിയ ശശി തരൂർ നിരാശയുടെ പടുകുഴിയിൽ നിന്നും പ്രത്യാശയുടെ വെളളി വെളിച്ചത്തിലേക്ക് നയിച്ചുവെന്നും ഫേസ്ബുക്കിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. കൂടാതെ തരൂരിന്റെ പോരാട്ടം ചരിത്രമാണെന്നും പ്രതികൂല സാഹചര്യത്തിലെ പോരാട്ടം തങ്കലിപികളാൽ എഴുതപ്പെടുമെന്നും ചിലർ കുറിച്ചു.

കെ എസ് ശബരീനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്
കെ എസ് ശബരീനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്

കെഎസ് ശബരീനാഥനും ഹൈബി ഈഡനും നാമനിർദേശ പത്രികാ സമർപ്പണത്തിന് ശേഷം തരൂരിന് പരസ്യമായി പിന്തുണ അറിയിച്ചിരുന്നു. യുവനേതാക്കളുടെ പിന്തുണ തനിക്കൊപ്പമാണെന്ന് പ്രചാരണവേളയിൽ ശശി തരൂർ ആവർത്തിച്ച് പറയുകയും ചെയ്തിരുന്നു. അതിന് ഒന്നുകൂടി അടിവരയിടുന്നതാണ് സമൂഹമാധ്യമങ്ങളിലെ ക്യാമ്പയിൻ.

logo
The Fourth
www.thefourthnews.in