കനത്ത മഴയില്‍ ആറ് മരണം; സംസ്ഥാന തല കണ്‍ട്രോള്‍ റൂം തുറന്നു; വലിയ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് മുന്നറിയിപ്പുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശക്തമായ മഴ നാല് ദിവസം കൂടി തുടര്‍ന്നാല്‍ പ്രതിസന്ധിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2018 ലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കൂട്ടി മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. വലിയ ഡാമുകള്‍ തുറന്നു വിടേണ്ട സാഹചര്യം നിലവിലില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
റവന്യു വകുപ്പ് മന്ത്രിയുടെ ഓഫീസിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. 807 8548 538 എന്ന നമ്പറില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം.
ആറ് മരണം; ഒരാളെ കാണാതായി
സംസ്ഥാനത്ത് മഴക്കെടുതിയില്‍ ആറ് പേര്‍ മരിച്ചു. ഒരാളെ കാണാതായി. അഞ്ച് വീടുകള്‍ പൂര്‍ണമായും 55 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വിവിധ ജില്ലകളിലായി ഏഴ് ക്യാമ്പുകള്‍ തുടങ്ങി. 90 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമാണെന്നും ചൊവ്വാഴ്ച വരെ കനത്ത മഴയുണ്ടാകും. ബുധനാഴ്ച മുതല്‍ അതിതീവ്രമഴ വടക്കന്‍ കേരളത്തിലേക്കും നീങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന രക്ഷാസേനകളുടേയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടേയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ സംസ്ഥാനതല കണ്‍ട്രോള്‍ റൂമായി പ്രവര്‍ത്തിക്കാന്‍ സജ്ജമാക്കി. ഇതുനുപുറമെ എല്ലാ ജില്ലകളിലും താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. റവന്യു വകുപ്പ് മന്ത്രിയുടെ ഓഫീസിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റും തുറന്നിട്ടുണ്ട്. 807 8548 538 എന്ന നമ്പറില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം.
ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍, മിന്നല്‍ പ്രളയം, നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ടുകള്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള ജാഗ്രതയും തയ്യാറെടുപ്പുമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ മാത്രമല്ല സമീപ ജില്ലകളിലും അതീവ ജാഗ്രതയും തയ്യാറെടുപ്പുകളും ആവശ്യമാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് സംഘങ്ങള്‍ ഇടുക്കി, കോഴിക്കോട്, വയനാട്, തൃശൂര്‍ ജില്ലകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. എന്‍ ഡി ആര്‍ എഫിന്റെ നാല് അധിക സംഘങ്ങളെ കൂടി സംസ്ഥാനത്ത് എത്തിക്കും. ഇവരെ എറണാകുളം, കോട്ടയം, കൊല്ലം, മലപ്പുറം ജില്ലകളില്‍ വിന്യസിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വലിയ ഡാമുകള്‍ തുറക്കേണ്ട സാഹചര്യം ഇല്ല
ജലസേചന വകുപ്പിന് കീഴിലുള്ള 17 ഓളം അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തുവിടുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ഇബി യുടെ വലിയ അണക്കെട്ടുകളില്‍ വെള്ളം പുറത്തുവിടേണ്ട സാഹചര്യം നിലവിലില്ല. ചെറിയ ഡാമുകളായ കല്ലാര്‍കുട്ടി, പൊന്മുടി, ലോവര്‍പെരിയാര്‍, മൂഴിയാര്‍, പെരിങ്ങല്‍ക്കുത്ത് എന്നീ ഡാമുകളില്‍ നിന്ന് ജലം തുറന്നുവിട്ടിട്ടുണ്ട്. അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഡാം മാനേജ്മന്റ് കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
പോലീസ് വിന്യാസത്തിന്റെ ചുമതലയുള്ള നോഡല്‍ ഓഫീസറായി സായുധ പോലീസ് ബറ്റാലിയന്‍ വിഭാഗം എഡിജിപി എം.ആര്‍.അജിത്കുമാറിനെയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസറായി ക്രമസമാധാനവിഭാഗം എഡിജിപി വിജയ് എസ്.സാഖ്റെയെയും നിയോഗിച്ചു.
ഏകോപനത്തിന് പോലീസ്
അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും പോലീസിന്റെ പ്രത്യേക കണ്‍ട്രോള്‍ റൂമും ആരംഭിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കാന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ദുരന്തനിവാരണ സംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പോലീസ് വിന്യാസത്തിന്റെ ചുമതലയുള്ള നോഡല്‍ ഓഫീസറായി സായുധ പോലീസ് ബറ്റാലിയന്‍ വിഭാഗം എഡിജിപി എം.ആര്‍.അജിത്കുമാറിനെയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസറായി ക്രമസമാധാന വിഭാഗം എഡിജിപി വിജയ് സാക്കറെയെയും നിയോഗിച്ചു.
ട്രോളിങ് നിരോധനം അവസാനിച്ചെങ്കിലും മുന്നറിയിപ്പുള്ളതിനാല്‍ മത്സ്യബന്ധത്തിന് പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഴുവന്‍ ആളുകളും പ്രതിസന്ധി ഘട്ടത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.