രക്തസമ്മർദ്ദം ഉയർന്നുതന്നെ; മഅദനി ഇന്ന് അൻവാർശ്ശേരിയിലേക്കില്ല
ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച് കേരളത്തിലെത്തിയ പിഡിപി ചെയർമാൻ അബ്ദുല്‍ നാസര്‍ മഅദനി ഇന്നും അൻവാർശ്ശേരിയിലേക്ക് പോകില്ല. രക്തസമ്മർദ്ദത്തെ തുടർന്ന് എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ചികിത്സയിലായതിനാലാണ് അൻവാർശ്ശേരിയിലേക്കുള്ള യാത്ര വൈകുന്നത്. ആശുപത്രിയിൽ പ്രവേശിച്ചപ്പോഴുള്ള അതേ നിലയിൽ തന്നെ അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം തുടരുകയാണ്. രാവിലെ ഡോക്ടർമാരുടെ വിദഗ്ധ സംഘം മദനിയെ പരിശോധിച്ചിരുന്നു.
ഇന്നലെ രാത്രി 7.20 ഓടെയാണ് വിമാനമാർഗം മഅദനി കേരളത്തിലെത്തിയത്. തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്ന് അൻവാർശ്ശേരിയിലേക്കുള്ള യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാലാണ് മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം ഇന്ന് അൻവാർശ്ശേരിയിലേക്ക് തുരിക്കുമെന്നായിരുന്നു ഇന്നലെ അറിയിച്ചിരുന്നത്. എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങിയ മഅദനി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുവെന്ന് പറഞ്ഞിരുന്നു.
സുപ്രീംകോടതി ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകിയത് പ്രയോജനപ്പെടുത്തിയാണ് മഅദനി കേരളത്തിൽ എത്തിയത്. രോഗാവസ്ഥയിലുള്ള പിതാവിനെ സന്ദർശിക്കുകയാണ് വരവിന്റെ പ്രധാന ലക്ഷ്യം. 11 ദിവസത്തേക്ക് എത്തിയ മഅദനി ജൂലൈ ഏഴിന് ബെംഗളൂരുവിലേക്ക് മടങ്ങും. കർണാടകയിൽ നിന്നുള്ള 12 പോലീസുകാർ മുഴുവൻ സമയവും മഅദനിക്കൊപ്പം ഉണ്ടാകും.
2008ലെ ബാംഗ്ലൂർ സ്ഫോടനകേസുമായി ബന്ധപ്പെട്ട് മുപ്പത്തിയൊന്നാം പ്രതിയായ മഅദനി 2014ൽ ആയിരുന്നു ജാമ്യം കിട്ടി ജയിൽ മോചിതനായത്. ആറരവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മഅദനി കേരത്തിലെത്തുന്നത്. 2017ൽ മൂത്ത മകൻ ഉമർ മുഖ്ത്താറിന്റെ വിവാഹത്തിനാണ് അദ്ദേഹം അവസാനം നാട്ടിലെത്തിയത്.