'ചില ഡ്രൈവര്‍മാര്‍ റോഡുകള്‍ തങ്ങളുടേത് മാത്രമാണെന്ന് കരുതുന്നു'; സ്വകാര്യ ബസുകളുടെ അമിത വേഗതക്കെതിരെ ഹൈക്കോടതി
കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെതാണ് വിമര്‍ശനം. റോഡ് തങ്ങളുടെത് മാത്രമാണെന്നാണ് പല ഡ്രൈവര്‍മാരുടെയും ധാരണയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാഹനം ഓടിക്കുമ്പോള്‍ സ്വന്തം നാടാണെന്ന ബോധം പോലുമില്ലാതെ എങ്ങനെ വേണമെങ്കിലും വാഹനം ഓടിക്കാമെന്നാണ് ചില ഡ്രൈവര്‍മാര്‍ കരുതുന്നത്. ബസുകളുടെ അമിതവേഗത കാരണം കാല്‍നടയാത്രക്കാര്‍ പോലും ദുരിതത്തിലാണെന്നും കോടതി നിരീക്ഷിച്ചു.
എങ്ങനെ വേണമെങ്കിലും വാഹനം ഓടിക്കാമെന്നാണ് ചില ഡ്രൈവര്‍മാര്‍ കരുതുന്നതെന്നും കോടതി
അമിത വേഗതമൂലം തുടര്‍ച്ചായി നിരവധി അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് വാഹങ്ങളിലെ പരിശോധന കര്‍ശനമാക്കണം. കൃത്യമായ ഇടവേളകളില്‍ പരിശോധാ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പലയിടങ്ങളിലും ഫുഡ്പാത്തുകളില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന സാഹചര്യമാണ്. അതിനാല്‍ തന്നെ കാല്‍നടയാത്രക്കാര്‍ക്ക് ഫുഡ്പാത്തുകളിലൂടെ നടക്കാന്‍ സാധിക്കുന്നില്ല. ഇങ്ങനെ അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി കൈക്കൊള്ളാനും കോടതി നിര്‍ദേശം നല്‍കി.
സ്വകാര്യ ബസുകളുടെ മത്സരപ്പാച്ചിലിനെതിരെ നേരത്തെയും ഹൈക്കോടതി രംഗത്തെത്തിയിരുന്നു. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ വിമര്‍ശനം. കൊച്ചി നഗരത്തില്‍ അമിതവേഗതയില്‍ പാഞ്ഞു പോകുന്ന പ്രൈവറ്റ് ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആയിരുന്നു പരിശോധനകള്‍. പരിശോധനയ്ക്ക് പിന്നാലെ യാത്രക്കാര്‍ കയറിയതിനു ശേഷം വാതില്‍ അടയ്ക്കാതെയുള്ള സര്‍വീസ്, അമിത വേഗത, എയര്‍ ഹോണ്‍ അടിക്കല്‍ തുടങ്ങി നിയമ ലംഘനം നടത്തിയ ബസ്സുകള്‍ക്കെതിരെ നടപടി കെെക്കൊള്ളുകയും ചെയ്തിരിന്നു. യൂണിഫോം ഇല്ലാതെ ജീവനക്കാര്‍ സര്‍വീസ് നടത്തിയ ബസുകള്‍ക്ക് എതിരെയും കേസെടുത്തിരുന്നു. നഗരമേഖലയില്‍ ഹോണടിക്കുന്നത് തടയണം. ഓവര്‍ടേക്കിങ് കര്‍ശനമായി നിയന്ത്രിക്കണം എന്നിവയായിരുന്നു അന്ന് കോടതി നല്‍കിയ നിര്‍ദേശം.
വാതിലടക്കാതെയുള്ള സ്വകാര്യ ബസുകളുടെ യാത്രക്കെതിരെ നേരത്തെ സംസ്ഥാന മനുഷ്യവകാശ കമ്മീഷനും രംഗത്തെത്തിയിരുന്നു. മനുഷ്യ ജീവനുകൾക്ക് വിപത്തുണ്ടാക്കുന്ന ഇത്തരം ബസ് യാത്രകൾക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും, നിയമ ലംഘനങ്ങള്‍ കാരണം ഒരു മനുഷ്യ ജീവന്‍ നഷ്ടമാകാതിരിക്കാന്‍ വേണ്ട നടപടികള്‍ കെെക്കൊള്ളണമെന്നുമായിരുന്നു മനുഷ്യാവകാശ കമ്മീഷന്‍റെ ആവശ്യം. വാതില്‍ തുറന്നിട്ട് ബസുകള്‍ സര്‍വീസ് നടത്തുന്നത് കാരണം യാത്രക്കാര്‍ റോഡിലേക്ക് തെറിച്ചുവീണ് അപകടം സംഭവിക്കുന്നുണ്ടെന്ന് പരാതിയിലായിരുന്നു കമ്മീഷന്‍റെ ഉത്തരവ്. ഇതിന് പിന്നാലെയാണ് വീണ്ടും കോടതിയുടെ വിമര്‍ശനം.