കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

വിസിമാര്‍ക്ക് ആശ്വാസം; ഗവര്‍ണറുടെ അന്തിമ തീരുമാനം വരെ തുടരാമെന്ന് ഹൈക്കോടതി

നിയമ പ്രകാരം മാത്രമേ വിസിമാര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ പാടുള്ളു എന്നും ഹൈക്കോടതി
Updated on
1 min read

കേരളത്തിലെ ഒന്‍പത് സര്‍വകലാശാലയിലെ വിസിമാര്‍ക്ക് ഗവര്‍ണറുടെ അന്തിമ ഉത്തരവ് വരെ പദവിയില്‍ തുടരാമെന്ന് ഹൈക്കോടതി. വിസിമാര്‍ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അന്തിമ തീരുമാനം എടുക്കുന്നത് വരെ വിസിമാര്‍ക്ക് സ്ഥാനത്ത് തുടരാമെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നിര്‍ദേശം.

എന്നാല്‍ നിയമ പ്രകാരം മാത്രമേ വിസിമാര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ പാടുള്ളു എന്നും ഹൈക്കോടതി അറിയിച്ചു. ഗവര്‍ണറുടെ ഉത്തരവ് ചോദ്യം ചെയ്ത് വിവിധ സര്‍വകലാശാലകളിലെ വിസിമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.

വിസി മാരോട് രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടത് ഉപദേശമാണെന്നായിരുന്നു ചാന്‍സിലര്‍ കോടതിയില്‍ അറിയിച്ചത്. നേരത്തെ കൈക്കൊണ്ട നിലപാടുകള്‍ മയപ്പെടുത്തിയായിരുന്നു ഗവര്‍ണര്‍ കോടതിയില്‍ സ്വീകരിച്ചത്. വി.സിമാരെ പുറത്താക്കാതിരിക്കാന്‍ 10 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചാന്‍സലര്‍ നോട്ടീസ് നല്‍കിയ സ്ഥിതിക്ക് അതിനു മറുപടി നല്‍കണം. അത് മെറിറ്റില്‍ പരിഗണിച്ചു ചാന്‍സലര്‍ക്ക് ഉചിതമായ തീരുമാനം എടുക്കാം. ഇരുകക്ഷികളുടെയും ഒരു വാദവും കോടതി പരിഗണിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

സര്‍വകലാശാല വിസിമാര്‍ക്ക് ഇത്തരത്തില്‍ ഒരു നോട്ടീസ് നല്‍കാന്‍ ചാന്‍സലര്‍ക്ക് അധികാരമുണ്ടോ എന്ന കാര്യവും ഗവര്‍ണര്‍ തന്നെ പരിശോധിക്കണം. അക്കാര്യം ആദ്യം പരിശോധിച്ചിട്ടു വേണം ചാന്‍സിലര്‍ ഉത്തരവിലേക്ക് കടക്കാനെന്ന വാദവും കോടതി ഇപ്പോള്‍ പരിശോധിക്കുന്നില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in