ക്രമവിരുദ്ധമാണെന്ന് കണ്ടെത്തല്‍; സംസ്ഥാന ശിശുക്ഷേമ സമിതി തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി

ക്രമവിരുദ്ധമാണെന്ന് കണ്ടെത്തല്‍; സംസ്ഥാന ശിശുക്ഷേമ സമിതി തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി

തിരഞ്ഞെടുപ്പ് ക്രമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമിതി അംഗം കൂടിയായ ആര്‍ എസ് ശശികുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്
Updated on
1 min read

സംസ്ഥാന ശിശുക്ഷേമ സമിതി തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. തിരഞ്ഞെടുപ്പ് ക്രമ വിരുദ്ധമാണെന്ന് പരാതിയിലാണ് ഉത്തരവ്. ക്രമക്കേട് ചൂണ്ടിക്കാട്ടി സമിതി അംഗം കൂടിയായ ആര്‍ എസ് ശശികുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് വി ജി അരുണിന്റേതാണ് ഉത്തരവ്. ഇതോടെ ജെ എസ് ഷിജുഖാന്റെ നേതൃത്വത്തിലുള്ള ഏഴ് അംഗ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് അസാധുവായി.

അംഗങ്ങള്‍ക്ക് നോട്ടീസ് അയച്ചതിന്റെ തപാല്‍ രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, മൂന്ന് മാസത്തിനുള്ളില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

മൂന്ന് മാസത്തിനുള്ളില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താനും കോടതി നിര്‍ദേശം

2017-19 കാലയളവില്‍ എസ് പി ദീപക് നേതൃത്വം നല്‍കിയ ഭരണസമിതി സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാരോപണം ഉയര്‍ന്നിരുന്നു. കുട്ടികളുടെ ചലച്ചിത്രമേളയും മറ്റ് പരിപാടികളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചതില്‍ 70 ലക്ഷം രൂപയുടെ ക്രമക്കേടാണ് ജെ ഷിജുഖാന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി കണ്ടെത്തിയത്. എസ് പി ദീപക്ക് നേതൃത്വം നല്‍കിയ ഭരണസമിതിക്കെതിരെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്കാണ് പുതിയ ഭരണസമിതി പരാതി നല്‍കിയത്.

തിരുവനന്തപുരം കൈതമുക്കില്‍ ദാരിദ്ര്യം കാരണം കുട്ടികള്‍ മണ്ണ് തിന്നുവെന്ന വിവാദ പരാമര്‍ശത്തില്‍ ദീപക്ക് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. പരാമര്‍ശം സര്‍ക്കാരിന് നാണക്കേടായതോടെ 2019ല്‍ സിപിഎമ്മും ദീപക്കിനെതിരെ നടപടിയെടുത്തു. ഇതിന് പിന്നാലെ സംസ്ഥാന ശിശു ക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയായി ജെ എസ് ഷിജുഖാനെ എതിരില്ലാതെ തെരഞ്ഞെടുക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ക്രമവിരുദ്ധമാണെന്ന് പരാതി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയായിരുന്നു അത്.

logo
The Fourth
www.thefourthnews.in