ഗവർണർക്ക് തിരിച്ചടി; കേരള സർവകലാശാല സെനറ്റിലേക്കുള്ള നാല് എബിവിപി പ്രവര്‍ത്തകരുടെ നാമനിർദേശം ഹൈക്കോടതി റദ്ദാക്കി
കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാല് അംഗങ്ങളുടെ നാമനിര്‍ദ്ദേശത്തിൽ ഗവർണർക്ക് തിരിച്ചടി. ഗവര്‍ണറും ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാന്റെ നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി. ആറാഴ്ചയ്ക്കകം പുതിയ നാമനിര്‍ദ്ദേശം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി.
നാല് എബിവിപി പ്രവര്‍ത്തകരെ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത ചാന്‍സലറുടെ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് വിധി . സെനറ്റ് നാമനിര്‍ദ്ദേശത്തില്‍ വിവേചനാധികാരമുണ്ടെന്നായിരുന്നു ചാന്‍സലറുടെ വാദം. ഇതിനെതിരെ എസ്എഫ്‌ഐ നേതാക്കളായ അരുണിമ അശോക്, നന്ദകിഷോര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ് വിധി പറഞ്ഞത്.
സർവകലാശാല നാമനിർദേശം ചെയ്ത എട്ട് പേരുടെ ലിസ്റ്റിൽ ഒരാളെയും പരിഗണിക്കാതെയാണ് ചാൻസലർ നാല് പേരെ നാമനിർദേശം ചെയ്തത്. റാങ്ക് ജേതാക്കളെ തള്ളി സർവകലാശാല പരീക്ഷാ ഫലം കാത്ത് നിൽക്കുന്ന വിദ്യാർത്ഥിയെയായിരുന്നു പഠന മികവിന്റെ പേരിൽ ഗവർണർ നാമ നിർദേശം ചെയ്തത്. ഗവര്‍ണറുടെ നാമനിര്‍ദേശം റദ്ദാക്കിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ രണ്ട് നാമ നിര്‍ദേശങ്ങള്‍ ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു.