'ഭക്തരെ പിടിച്ചു തള്ളാന്‍ അനുമതി കൊടുത്തിരുന്നോ? '- ശബരിമല വിഷയത്തില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
ശബരിമലയിൽ മകരവിളക്ക് ദിവസം ദേവസ്വം ഗാർഡ് തീർത്ഥാടകരെ പിടിച്ച് തള്ളിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഭക്തരുടെ ശരീരത്തില്‍ തൊടാന്‍ ദേവസ്വം ഗാര്‍ഡിന് എങ്ങനെ സാധിച്ചുവെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചു. ഭക്തരെ പിടിച്ചുതള്ളാന്‍ ഗാര്‍ഡിന് അനുമതി കൊടുത്തിരുന്നോയെന്നും കോടതി ദേവസ്വം ബോര്‍ഡിനോട് ചോദിച്ചു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഇടപെടൽ.
ആരോപണ വിധേയനായ ദേവസ്വം ഗാർഡിനെ കേസില്‍ ഹൈക്കോടതി സ്വമേധയാ കക്ഷിചേര്‍ത്തു. ഗാര്‍ഡിനെതിരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് കോടതിയെ അറിയിക്കാന്‍ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർക്ക് നിർദേശവും നൽകി.
'' മറ്റ് പലരും ഭക്തരെ നിയന്ത്രിക്കുന്നുണ്ട്. ആരോപണവിധേയന്‍ മാത്രം എന്തുകൊണ്ടാണിങ്ങനെ പെരുമാറിയത്? '' - കോടതി ചോദിച്ചു. ഭകതരോട് മാന്യമായി പെരുമാറണമെന്ന മുൻകാല നിർദേശങ്ങളുണ്ടെന്നും കോടതി സൂചിപ്പിച്ചു.
ഹൈക്കോടതി നിർദേശ പ്രകാരം ശബരിമല സ്പെഷ്യൽ കമ്മീഷണർ വിഷയത്തില്‍ റിപ്പോർട്ട് സമർപ്പിച്ചു. ആരോപണവിധേയനായ ഗാർഡിന്റെ വിവരങ്ങൾ ദേവസ്വം ബോർഡ് റിപ്പോര്‍ട്ടിനൊപ്പം കോടതിക്ക് കൈമാറി. ചീഫ് വിജിലൻസ് & സെക്യൂരിറ്റി ഓഫീസറും കോടതിയില്‍ റിപ്പോർട്ട് സമര്‍പ്പിച്ചു. അപമര്യാദയായി പെരുമാറിയ ദേവസ്വം ഗാർഡിനെതിരെ നടപടിയെടുത്തെന്ന് സെക്യൂരിറ്റി ഓഫീസർ കോടതിയെ അറിയിച്ചു.
അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറെയും ഹൈക്കോടതി ഹര്‍ജിയിൽ കക്ഷി ചേർത്തു. വിഷയം ഈമാസം 24ന് വീണ്ടും പരിഗണിക്കും.