സിൽവർലൈൻ: പ്രതിഷേധക്കാര്‍ക്കെതിരെ ക്രിമിനൽ കേസെടുത്തതെന്തിനെന്ന് ഹൈക്കോടതി
സില്‍വര്‍ലൈന്‍ പദ്ധതിയുടെ സര്‍വേയ്ക്ക് എതിരെ ഉയര്‍ന്ന പ്രതിഷേധത്തിന് നേരെയുണ്ടായ പോലീസ് നടപടിയില്‍ വിമര്‍ശനവുമായി ഹൈക്കോടതി. സമരക്കാര്‍ സാധാരണ ജനങ്ങളാണ്. അവരെ വിശ്വാസത്തിലെടുക്കണം, ക്രിമിനല്‍ പശ്ചാത്തലമുളളവരല്ല പ്രതിഷേധത്തില്‍ പങ്കെടുത്തത് എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതേസമയം പദ്ധതിയുടെ സാമൂഹിക ആഘാത പഠനം നിര്‍ത്തിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരായ പ്രതിഷേധത്തിന്റെ പേരില്‍ നിയമ നടപടി നേരിടുന്നവരുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ സമര്‍പ്പിക്കണം എന്നും കോടതി ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 26 ന് കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ നടന്ന സര്‍വേ നടപടികള്‍ക്ക് എതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിഷേധക്കാര്‍ക്ക് നേരെ വലിയ തോതില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. പ്രതിഷേധക്കാര്‍ക്ക് എതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹർജിയിലാണ് നടപടി.
കേന്ദ്ര ഏജൻസികളോടും കോടതി വിശദീകരണം തേടി
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചായിരുന്നു കെ റെയിലുമായി ബന്ധപ്പെട്ട് വിവിധ ഹര്‍ജികള്‍ പരിശോധിച്ചത്. വിഷയത്തില്‍ നേരത്തെയും കോടതി സര്‍ക്കാരിന് എതിരായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു. സാമൂഹിക ആഘാത പഠനം നടത്താതെ അതിരടയാള കല്ലുകള്‍ ഇടുന്നതിനെതിരെ കോടതി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ അതിരടയാളക്കല്ലിടല്‍ നിര്‍ത്തി വയ്ക്കുകയും ചെയ്തു. അതേസമയം സാമൂഹിക ആഘാത പഠനം നിര്‍ത്തി വച്ചിരിക്കുകയാണെന്നും എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടരുമെന്നുമാണ് സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ അറിയിച്ചിരിക്കുന്നത്.
കേന്ദ്ര ഏജൻസികളോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. കെ റെയിൽ സംബന്ധിച്ച് കേന്ദ്ര ഏജൻസികൾ വിവിധ നിലപാടുകളാണ് സ്വീകരിച്ച് വരുന്നത്. ഡിപിആർ സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. 26ന് ഹർജി വീണ്ടും പരിഗണിക്കുമ്പോൾ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും വിശദീകരണം നൽകണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദേശം.