'ഉന്നതാധികാരികള്‍ പിള്ളേരുകളി കളിച്ചാല്‍ വിദ്യാര്‍ഥികള്‍ ദുരിതത്തിലാകും'- കേരള യൂണിവേഴ്സിറ്റി സെനറ്റംഗങ്ങളോട് ഹൈക്കോടതി

'ഉന്നതാധികാരികള്‍ പിള്ളേരുകളി കളിച്ചാല്‍ വിദ്യാര്‍ഥികള്‍ ദുരിതത്തിലാകും'- കേരള യൂണിവേഴ്സിറ്റി സെനറ്റംഗങ്ങളോട് ഹൈക്കോടതി

ചാന്‍സലര്‍ വിജ്ഞാപനം പിന്‍വലിച്ചാലെ പ്രതിനിധിയെ തീരുമാനിക്കൂ എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് കോടതി
Updated on
1 min read

കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. വൈസ് ചാന്‍സലര്‍ നിയമനത്തിന് സെനറ്റ് പ്രതിനിധിയെ ഉള്‍പ്പെടുത്താതെ ചാന്‍സലര്‍ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. സെനറ്റ് അംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. കേസ് നിലനില്‍ക്കുമ്പോള്‍ ചാന്‍സലറുടെ വിജ്ഞാപനം പിന്‍വലിപ്പിക്കണെന്ന് സെനറ്റ് യോഗം ചേര്‍ന്ന് പ്രമേയം പാസാക്കിയതാണ് കോടതിയെ ചൊടിപ്പിച്ചത്.

''കോടതിയെ സെനറ്റിന് വിശ്വാസമില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. എങ്ങനെ ധൈര്യം വന്നു ഇങ്ങനെയൊരു പ്രമേയം പാസ്സാക്കാന്‍? സെനറ്റ് കോടതിയെ പഠിപ്പിക്കുകയാണോ? ഗവര്‍ണറുടെ വിജ്ഞാപനം നിലനില്‍ക്കുന്നതല്ല, അത് റദ്ദാക്കാന്‍ കോടതിക്ക് സെക്കന്‍ഡുകള്‍ മതി'' -കോടതി വ്യക്തമാക്കി. വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കാനുള്ള കമ്മിറ്റിയിലേക്ക് സെനറ്റ് ഒരു പ്രതിനിധിയെ തീരുമാനിച്ചാല്‍ തീരാവുന്ന പ്രശ്നമേയുള്ളു. ചാന്‍സലര്‍ വിജ്ഞാപനം പിന്‍വലിച്ചാലേ പ്രതിനിധിയെ തീരുമാനിക്കൂ എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു.

സെനറ്റംഗങ്ങള്‍ക്ക് ഗവര്‍ണറെ ചോദ്യം ചെയ്യാന്‍ പറ്റില്ലെന്ന് സെനറ്റംഗങ്ങളെ പുറത്താക്കിയ ചാന്‍സലറുടെ നടപിടെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെ കോടതി വ്യക്തമാക്കി.

''സെനറ്റ് അംഗങ്ങളെ നാമനിര്‍ദേശം ചെയ്തത് ഗവര്‍ണറാണ്. നാമനിര്‍ദേശം ചെയ്ത അധികാരിയെ ചോദ്യം ചെയ്യാമോ? ചാന്‍സലറുടെ തീരുമാനത്തില്‍ ആശങ്കയുണ്ടെങ്കില്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തി രാജിവെച്ചു പോകുകയാണ് വേണ്ടത്'' - നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ നാമനിര്‍ദേശം ചെയ്ത അധികാരിയുടെ നിര്‍ദേശം അനുസരിക്കണമെന്ന് കമ്പനി നിമയത്തിലെ വകുപ്പുകള്‍ കൂടി ഉദ്ധരിച്ചു കൊണ്ട് കോടതി വ്യക്തമാക്കി.

നിമയപരമായ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ നോമിനികള്‍ ബാധ്യസ്ഥരാണ്. സെനറ്റര്‍മാരുടേത് അനാവശ്യ കോലാഹലമാണ് - കോടതി പറഞ്ഞു. രണ്ട് ഉന്നതാധികാരികള്‍ പിള്ളേരുകളി കളിച്ചാല്‍ വിദ്യാര്‍ഥികള്‍ ദുരിതത്തിലാകും. വെറുതെ വിവാദമുണ്ടാക്കുന്നതാണ്. ചാന്‍സലര്‍ വരും പോകും. വിദ്യാര്‍ഥികളുടെ ഭാവിയാണ് പ്രധാനം. വിദ്യാര്‍ഥി എന്ന വാക്ക് ആരും മിണ്ടുന്നില്ല. യൂണിവേഴ്സിറ്റിക്ക് വിസി വേണോ വേണ്ടേ എന്നാണ് സെനറ്റ് തീരുമാനിക്കേണ്ടത്. നോമിനിയെ തന്നാല്‍ തീരുന്ന പ്രശ്നമേയുള്ളു -കോടതി ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in